
അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'ക്കായി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. സിനിമയുടെ അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ഏപ്രിൽ പത്തിന് പുറത്തിറങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. ഇപ്പോഴിതാ സിനിമയുടെ റൺ ടൈം സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ആക്ഷൻ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ രണ്ട് മണിക്കൂർ 18 മിനിറ്റ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതിൽ ആദ്യ പകുതി ഒരു മണിക്കൂർ 15 മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂർ മൂന്ന് മിനിറ്റുമാണ് ഉണ്ടാകുക. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. ഈ അജിത്തിനെയാണ് ഞങ്ങളും കാണാൻ കാത്തിരുന്നതെന്നാണ് ആരാധകർ പറയുന്നത്. ട്രെയിലറിലെ അജിത്തിന്റെ ലുക്കിനെയാണ് ആരാധകർ ഏറ്റവും കൂടുതൽ പുകഴ്ത്തുന്നത്. നടി സിമ്രാനും പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ട്. പ്രിയാ വാര്യർ, ഷൈൻ ടോം ചാക്കോ തുടങ്ങി മലയാളി അഭിനേതാക്കളും സിനിമയുടെ ഭാഗമാണ്.
കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഗോകുലം മൂവീസ് ആണ്. അജിത്തിന് ആരാധകർ കുറവില്ലാത്ത കേരളത്തിൽ ചിത്രത്തിന് മികച്ച വരവേൽപ്പാകും ലഭിക്കുക എന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Good Bad Ugly runtime reports out now