ഞങ്ങളും കാത്തിരിക്കുകയാണ്.., 'തല്ലുമാല 2' ഉടൻ ഉണ്ടാകുമോ? മനസുതുറന്ന് ഖാലിദ് റഹ്‌മാൻ

ഞാനും മുഹ്‌സിൻ പരാരിയും ആഷിക് ഉസ്മാനും രണ്ടാം ഭാഗത്തെപ്പറ്റി നിരവധി ഐഡിയകൾ ചർച്ച ചെയ്തിരുന്നു. മുഹ്‌സിന്റെ പക്കൽ നിരവധി ഐഡിയകൾ ഉണ്ട്

dot image

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമായിരുന്നു 'തല്ലുമാല'. മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിലും കോടികളാണ് കൊയ്തത്. ചിത്രത്തിനൊരു രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ അതിൽ മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ഖാലിദ് റഹ്‌മാൻ. ആദ്യ ഭാഗം പോലെ നല്ലൊരു സബ്ജെക്ടിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും അത് ഇതുവരെ ക്രാക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഖാലിദ് റഹ്‌മാൻ പറഞ്ഞു.

'തല്ലുമാല രണ്ടാം ഭാഗത്തെപ്പറ്റി നിരവധി റൂമറുകൾ കേൾക്കുന്നുണ്ട്. ഞാനും മുഹ്‌സിൻ പരാരിയും ആഷിക് ഉസ്മാനും രണ്ടാം ഭാഗത്തെപ്പറ്റി നിരവധി ഐഡിയകൾ ചർച്ച ചെയ്തിരുന്നു. മുഹ്‌സിന്റെ പക്കൽ നിരവധി ഐഡിയകൾ ഉണ്ട്. തല്ലുമാല രണ്ടാം ഭാഗം വരുകയാണെങ്കിൽ അത് എന്തെങ്കിലും തരത്തിൽ വ്യത്യസ്തമായ സിനിമയായിരിക്കണം. തല്ലുമാല ഞങ്ങൾ ചെയ്തത് ഒരു വ്യത്യസ്തമായ അറ്റംപ്റ്റ് ആയിട്ടായിരുന്നു, രണ്ടാം ഭാഗവും അങ്ങനെ തന്നെ ആയിരിക്കണം. അത്തരമൊരു സബ്ജെക്ട് ഞങ്ങൾക്കിതുവരെ ക്രാക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല, ഞങ്ങളും കാത്തിരിക്കുകയാണ്', ഖാലിദ് റഹ്‌മാൻ പറഞ്ഞു.

'തല്ലുമാല'യുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നിർമാതാവ് ആഷിഖ് ഉസ്മാൻ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിലെ '#LoadingSoonTM2', എന്ന ഹാഷ്ടാഗ് ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടങ്ങിവച്ചത്. മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്ന് തിരക്കഥ എഴുതിയ ചിത്രം 71 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. ലുക്മാൻ, ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ, ജോണി ആന്റണി, ചെമ്പൻ വിനോദ് ജോസ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംവിധായകൻ ലോകേഷ് കനകരാജ് ഉൾപ്പടെ നിരവധി പേർ ചിത്രത്തിന്റെ കഥപറച്ചിലിനെയും എഡിറ്റിംഗിനെയും പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

Content Highlights: Khalid Rahman talks about Thallumaala second part

dot image
To advertise here,contact us
dot image