രാജു തടഞ്ഞിട്ടും ലാലേട്ടൻ കാറിന്റെ പിൻസീറ്റിൽ ഇരിപ്പുറച്ചു, ഒരു താരവും അതിന് തയ്യാറാകില്ല: സിദ്ധു പനയ്ക്കൽ

'പുറപ്പെടാൻ നേരം ഞാൻ ആദ്യം കാറിന്റെ ഏറ്റവും ബാക്ക് സീറ്റിൽ കയറിയിരുന്നു. എന്റെ തൊട്ടുപിന്നാലെ ലാലേട്ടനും കയറി'

dot image

എമ്പുരാന്റെ ആദ്യ ഷോ ആരാധകര്‍ക്കൊപ്പം കാണാന്‍ നടൻ മോഹൻലാലിനൊപ്പം ഒരു കാറിൽ യാത്ര ചെയ്ത അനുഭവം പങ്കുവെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. എറണാകുളത്തെ കവിത തിയേറ്ററിൽ പോകാനായി മോഹൻലാൽ ഇന്നോവയിൽ ഏറ്റവും പിന്നിലെ സീറ്റില്‍ തനിക്കൊപ്പമാണ് ഇരുന്നതെന്നും സിനിമയില്‍ ഒരു താരവും അതിന് തയ്യാറാകില്ലെന്നും സിദ്ധു കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ അനുഭവത്തെക്കുറിച്ച് പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

മാർച്ച് 27 രാവിലെ അഞ്ചുമണിക്ക് ഞാൻ എറണാകുളത്ത് ലാലേട്ടന്റെ ഉടമസ്ഥതയിലുള്ള 'ആശിർവാദ് ട്രാവൻകൂർ കോർട്ട്' ഹോട്ടലിൽ എത്തി. ഇന്ന് എമ്പുരാൻ റിലീസ് ആണ്. രാവിലെ അഞ്ചരയ്ക്ക് ലാലേട്ടനോടും , പൃഥ്വിരാജിനോടും , മുരളിയേട്ടനോടും, സുപ്രിയയോടുമൊപ്പം എമ്പുരാൻ സിനിമ കാണാൻ പോകണം. അഞ്ചരക്ക് ലാലേട്ടൻ എത്തി. മുരളിയേട്ടൻ ട്രാവൻകൂർ കോർട്ടിൽ തന്നെയാണ് താമസം അദ്ദേഹം താഴേക്ക് ഇറങ്ങി വന്നു . അപ്പോഴേക്കും രാജുവും സുപ്രിയയും എത്തി.

കവിത തിയേറ്ററിൽ ഭയങ്കര തിരക്കായിരിക്കും അതുകൊണ്ട് ഓരോരുത്തരും അവരവരുടെ കാറിൽ പോകണ്ട, എല്ലാവരും കൂടി ഒരു കാറിൽ പോകാം എന്ന് തീരുമാനിച്ചു. ഞാനടക്കം അഞ്ചുപേർ. ഒരു ഇന്നോവ ക്രിസ്റ്റ. പുറപ്പെടാൻ നേരം ഞാൻ ആദ്യം കാറിന്റെ ഏറ്റവും ബേക്ക്‌ സീറ്റിൽ കയറിയിരുന്നു. എന്റെ തൊട്ടുപിന്നാലെ ലാലേട്ടനും ബാക്ക്‌ സീറ്റിൽ കയറി. എന്നെപോലെ തടിയില്ലാത്ത ഒരാൾക്ക് രണ്ട് സീറ്റുകളുടെ ഇടയിൽ കൂടി കയറുക എളുപ്പമാണ്. ലാലേട്ടൻ കുറച്ച് ബുദ്ധിമുട്ടിയാണ് കയറിയത്. ഉടനെ രാജു ഓടി വന്നുപറഞ്ഞു ഞാൻ ഇരിക്കാം ബാക്കിൽ ലാലേട്ടൻ ഫ്രണ്ടിലേക്ക് വരണം. ലാലേട്ടൻ സമ്മതിച്ചില്ല. മുൻപും ഇതുപോലെയൊക്കെ യാത്ര ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു ലാലേട്ടൻ.

ഒരു ഇന്നോവ ക്രിസ്റ്റയുടെ ബാക്ക് സീറ്റിൽ ലാലേട്ടനെപ്പോലുള്ള ഒരാൾക്ക് ശരിക്ക് ഇരിക്കാൻ പോലും കഴിയില്ല. ചരിഞ്ഞു ഇരിക്കണം. ലാലേട്ടനോടൊപ്പം ബാക്ക് സീറ്റിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ ഞാൻ ആലോചിച്ചു. സിനിമയിൽ സാധാരണ ഒരു ആർട്ടിസ്റ്റും ഇന്നോവ പോലൊരു കാറിന്റെ ബാക് സീറ്റിൽ കയറാൻ തയ്യാറാവില്ല. എന്തിന് ടെക്‌നീഷ്യൻമാരിൽ പലരും അങ്ങോട്ട് കയറില്ല. ബാക് സീറ്റിൽ കയറുന്നത് തങ്ങളുടെ സ്റ്റാറ്റസിന് ചേർന്നതല്ല എന്നാണ് പലരുടെയും ധാരണ. കാറിന്റെ ഫ്രണ്ട് സീറ്റിലോ ബാക്ക് സീറ്റിലോ ഇരിക്കുന്നതല്ല തങ്ങളുടെ ജോലിയിലെ മികവാണ് അംഗീകാരത്തിനുള്ള കാരണമെന്ന് അറിയാത്ത പോലെയാണ് ഇപ്പോഴും പലരുടെയും പെരുമാറ്റം.

ഞാൻ സിനിമയിൽ വരുന്ന കാലത്ത് ഒരു അംബാസിഡർ കാറിൽ കല്യാണത്തിന് പോകുന്നത് പോലെയാണ് ആളുകൾ കയറുക ആറും ഏഴും പേർ ആർക്കും പരാതി ഉണ്ടായിരുന്നില്ല. ഇപ്പോൾ ഉള്ള താരങ്ങൾക്ക് ആലോചിക്കാൻ പോലും പറ്റാത്ത കാര്യവുമുണ്ടായിരുന്നു ആ കാലത്ത് ആർട്ടിസ്റ്റുകളും ഒരു മുറിയിൽ രണ്ട് പേരായിരുന്നു താമസം. 80കളുടെ ആദ്യം സിനിമയിൽ വന്ന ലാലേട്ടന് ഇതുപോലുള്ള അനുഭവങ്ങൾ ധാരാളമുണ്ടായിരിക്കും. ഈ യാത്രയിൽ അദ്ദേഹം ആ കാലങ്ങൾ ഓർത്തിട്ടുമുണ്ടാകും.

അതേസമയം, ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് എമ്പുരാൻ. ബോക്‌സ് ഓഫീസില്‍ 250 കോടി നേടിക്കൊണ്ട് മലയാള സിനിമാചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുകയാണ് എമ്പുരാന്‍. മലയാളത്തില്‍ ആദ്യമായി 250 കോടി ക്ലബിലെത്തുന്ന ചിത്രമാണ് ഇത്. ഇന്‍ഡസ്ട്രി ഹിറ്റെന്ന ലേബല്‍ കഴിഞ്ഞ ദിവസം തന്നെ എമ്പുരാന്‍ സ്വന്തം പേരിലാക്കിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെയാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാന്‍ മറികടന്നത്. വിഷു റിലീസുകള്‍ വന്നാലും എമ്പുരാന്റെ ബോക്‌സ് ഓഫീസ് തേരോട്ടം മന്ദഗതിയിലാകില്ല എന്നാണ് ട്രാക്കേഴ്‌സിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് പുറത്തും സിനിമ മികച്ച നേട്ടമാണ് സ്വന്തമാക്കുന്നത്.

Content Highlights: Sidhu Panakkal post about Mohanlal and Empuraan fdfs experience

dot image
To advertise here,contact us
dot image