
ഇന്ത്യൻ റുപ്പി എന്ന പൃഥ്വിരാജ് സിനിമ കാണാനായി ആദ്യ ദിനം പോയതിന്റെ അനുഭവം പങ്കുവെച്ച് ഗായകൻ ഷഹബാസ് അമൻ. അന്ന് പൃഥ്വിരാജിനോടുള്ള മലയാളികളുടെ വിരോധം മൂലം ‘ഈ പുഴയും സന്ധ്യകളും’ എന്ന പാട്ട് തിയറ്ററിൽ എങ്ങനെ വർക്ക് ആകും എന്നതിൽ ആയിരുന്നു തന്റെ ശ്രദ്ധയെന്നും ഷബാസ് അമൻ പറയുന്നു. എന്നാൽ അന്നത്തെ ആ കൂവലുകൾ പൃഥ്വിരാജ് കയ്യടിയാക്കി മാറ്റിയെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഷഹബാസ് അമൻ പറയുന്നു.
'ഇന്ത്യൻ റുപ്പി‘ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ കാണാൻ കോഴിക്കോട്ടെ അപ്സര തിയറ്ററിൽ തിങ്ങി നിറഞ്ഞ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയോടെ ഇരിക്കുകയാണ്. ഉള്ളിൽ ചെറിയ ഒരു ആന്തൽ ഉണ്ട്! ‘ഈ പുഴയും സന്ധ്യകളും’ എന്ന പാട്ട് തിയറ്ററിൽ എങ്ങനെ വർക്ക് ആകും എന്നതിൽ ആയിരുന്നു ശ്രദ്ധ മുഴുവൻ! മൂന്ന് കാരണങ്ങൾ കൊണ്ടാണ് പേടി'.
'മൂന്നാമത്തെ കാരണം മാത്രം ഇപ്പോൾ പറയാം. ചിത്രത്തിലെ നായകനും പ്രൊഡ്യൂസർമാരിൽ ഒന്നാമനുമായ പൃഥ്വിരാജ് അന്ന് മലയാളികളായ ജന സഹസ്രങ്ങളുടെ വിരോധം ആദ്യമായി ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന കാലമാണ്! കാരണം എന്താണെന്നല്ലേ? തന്റെ ഇന്റർവ്യൂകളിൽ സ്വന്തം കോൺസെപ്റ്റുകൾ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു, അധികപ്രസംഗി. സംസാരം അധികവും ചടുലമായ ഇംഗ്ലീഷിൽ ആണ്. അതിനൊക്കെ കാരണം ബിബിസിയിലെ അന്നത്തെ ജേർണലിസ്റ്റും (ഇന്നത്തെ ‘അർബൻ നൽസൽ) അയാളുടെ കാമുകിയും ലൈഫ് പാർട്ട്ണറും ആയ സുപ്രിയ ആണ്. തങ്ങളെ ആരെയും അറിയിക്കാതെ അവളെ വിവാഹവും കഴിച്ച്, മെയ്ൻ ആയി, അഹങ്കാരിയായി നടക്കുകയാണ് അയാൾ. അതും ഒരു ‘മലപ്പുറം എടപ്പാളുകാരന്റെ’ മകൻ ! ഒരു വിനേയ, വിധേയ ഭാവമൊക്കെ വേണ്ടേ? അയാളുടെ മേൽ ജനം ചാർത്തിയ കുറ്റപത്രം ആണ്. എങ്ങനെയുണ്ട്? സ്‌ട്രോങല്ലേ? ആ ജനം ആണ് തിയറ്റർ നിറഞ്ഞിരിക്കുന്നത് ! നിന്നെ ഞങ്ങൾ ശരിയാക്കിത്തരാടാ എന്ന മട്ടിലാണ് അവരുടെ ഇരിപ്പ്!'
അങ്ങനെയിരിക്കുമ്പോൾ അതാ, ഒരു നീല ഷർട്ടും വെള്ള മുണ്ടും ഉടുത്ത്, തനി കോഴിക്കോട്ടുകാരൻ ജയ പ്രകാശ് ആയി നടന്ന് വന്ന്, അയാൾ മൈക്ക് കയ്യിലെടുത്ത് പാടുകയാണ്. ഒരു ഓർക്കസ്ട്രയും ഇല്ലാതെ. മുല്ലനേഴി മാഷിന്റെ ലിറിക്സ്. “ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും”. അപ്പുറത്ത് നിൽക്കുന്നതാണെങ്കിൽ വേറൊരു ധിക്കാരി ! റിമ കല്ലിങ്കൽ! അല്ലാഹ്.. ഇന്റെ പാട്ട് എല്ലാം കൊണ്ടും കല്ലത്തായി എന്ന് ഞാൻ ഉറപ്പിച്ചു! വിചാരിച്ച പോലെത്തന്നെ, പ്രകാശൻ മൈക്ക് കയ്യിലെടുത്തതും “കൂ” എന്ന ശബ്ദത്തിൽ പ്രഷർ കുക്കർ ആദ്യത്തെ വിസിലടിച്ചു!.
പക്ഷെ കാലം കാത്ത് വെച്ചത് മറ്റൊന്നായിരുന്നു! ഇന്ത്യൻ റുപ്പി നൂറാം ദിവസം ആഘോഷിച്ചു! കൂവലെല്ലാം അയാൾ തനിക്കുള്ള കയ്യടിയാക്കി മാറ്റി എന്ന് മാത്രമല്ല, ‘ഈ പുഴയും’ എന്ന പാട്ടും ആ സിനിമയയും പൃഥ്വിക്കും വിജയിനും റിമയ്ക്കും എനിക്കും മറ്റു പലർക്കും അംഗീകാരങ്ങളും അതിലേറെ മനോഹരമായ ഓർമ്മകളും നല്ല ചില ബന്ധങ്ങളും കുറേ സന്തോഷങ്ങളും കൊണ്ട് വന്ന് തന്നു! അതിലൊന്നാണ് ഇപ്പോൾ നിങ്ങളുമായി വ്യക്തിപരമായി പങ്കു വെയ്ക്കുന്ന ഈ അമൂല്യ നിധി! എല്ലാവർക്കും നന്ദി. എല്ലാവരോടും സ്നേഹം', ഷഹബാസ് അമൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പൃഥ്വിരാജ്, റിമ കല്ലിങ്ങൽ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ഇന്ത്യൻ റുപ്പി. ലാലു അലക്സ്, തിലകൻ, ടിനി ടോം, ജഗതി ശ്രീകുമാർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മികച്ച പ്രതികരണം നേടിയ സിനിമ വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്.
Content Highlights: Shabas Aman about Prithviraj and Indian Rupee fdfs experience