
സുകുമാർ സംവിധാനം ചെയ്ത് 2009 ൽ അല്ലു അർജുൻ നായകനായി എത്തിയ ചിത്രമാണ് ആര്യ 2. ഒരു റൊമാന്റിക് ഡ്രാമ ഴോണറിൽ ഒരുങ്ങിയ സിനിമ മികച്ച പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയമാകുകയും ചെയ്തിരുന്നു. കേരളത്തിലും വലിയ സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. അല്ലുവിന്റെ പിറന്നാൾ പ്രമാണിച്ച് ചിത്രം റീറിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് റീ റിലീസിലും ലഭിക്കുന്നത്. തിയേറ്ററുകളിൽ ആളെ നിറയ്ക്കുകയാണ് ചിത്രം. ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ റിപ്പോർട്ടാണ് എത്തുന്നത്.
തിയേറ്ററിൽ എത്തിയ ആദ്യ ദിനം ഏപ്രില്‍ 5 ന് 4 കോടിയാണ് ചിത്രം നേടിയതെന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ റിപ്പോർട്ട്. അടുത്ത രണ്ട് ദിനങ്ങളില്‍ നിന്ന് 1.25 കോടിയും ചിത്രം സ്വന്തമാക്കി. അങ്ങനെ ആദ്യ മൂന്ന് ദിവസം കൊണ്ട് 5.25 കോടിയാണ് സിനിമയുടെ ആഗോള കളക്ഷന്‍. ഏപ്രില്‍ 5 ന് തെലുങ്ക് സംസ്ഥാനങ്ങളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ആറാം തീയതി കേരളത്തിലും. ഒരാഴ്ചത്തെ ലിമിറ്റഡ് റീ റിലീസ് ആണ് ചിത്രത്തിനുള്ളത്.
റീറിലീസിന് വലിയ പ്രമോഷനൊന്നും ഇല്ലാതെ എത്തിയ ചിത്രമായിട്ട് കൂടി ആര്യ 2 നേടുന്ന കളക്ഷന്‍ അല്ലു അര്‍ജുന്‍റെ താരപ്രഭാവത്തെയാണ് കാണിക്കുന്നത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. തിയേറ്ററിനകത്തെ ആഘോഷങ്ങൾ ആരാധകർ ചിത്രങ്ങളായും വീഡികളായും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. അല്ലു അർജുന്റെ ഡാൻസിനൊത്ത് ആടിത്തിമിർക്കുന്ന ആരാധകരെയും വീഡിയോയിൽ കാണാവുന്നതാണ്. ചിത്രം പ്രീ സെയിലിൽ നിന്ന് മാത്രം ആദ്യ ദിനം ഒരു കോടി രൂപയിലധികം നേടിയിരുന്നു.
തെലുങ്ക്, മലയാളം വേർഷനുകളാണ് കേരളത്തിലെത്തുന്നത്. ഇ4 എൻ്റർടെയ്ൻമെൻ്റ് ആണ് സിനിമ വീണ്ടും കേരളത്തിൽ എത്തിക്കുന്നത്. കാജൽ അഗർവാൾ, നവദീപ്, അജയ്, മുകേഷ് ഋഷി എന്നിവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കൾ. സിനിമയിലെ അല്ലുവിൻ്റെ ഡാൻസ് സീക്വന്‍സുകള്‍ ഇന്നും യുവാക്കൾക്കിടയിൽ പ്രശസ്തമാണ്. ടി.പ്രകാശ്, ചന്ദ്രശേഖർ ടി.രമേഷ് എന്നിവരായിരുന്നു സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും പ്രേക്ഷകപ്രിയങ്കരമാണ്.
പുഷ്പ 2 എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് വേണ്ടിയാണ് സുകുമാറും അല്ലു അർജുനും അവസാനമായി ഒന്നിച്ചത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പുഷ്പ 2. 2000 കോടിക്ക് മുകളിൽ നേടിയ ആമിർ ഖാൻ ചിത്രം ദംഗല്‍ മാത്രമാണ് പട്ടികയില്‍ പുഷ്പയ്ക്ക് മുന്നിലുള്ളത്.
Content Highlights: Allu Arjun Arya 2 Re-Release Collection Report