
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്സ്'. ബേസിൽ ജോസഫ് നായകനായി എത്തുന്ന സിനിമ ഒരു ഡാർക്ക് കോമഡി ത്രില്ലർ ഴോണറിലാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഇപ്പോഴിതാ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ
രസകരമായ വീഡിയോയുമായി എത്തിയിരിക്കുകയാണ് ബേസിൽ ജോസഫും ചിത്രത്തിന്റെ നിർമാതാവും നടനുമായ ടൊവിനോ തോമസും.
'മരണമാസ്സ് ഒരു ഡാർക്ക് കോമഡി പടമാണ് സീരിയൽ കില്ലർ ഒക്കെയുണ്ട്. വെക്കേഷൻ ആണ് എല്ലാവരും കുട്ടികൾ ആയിട്ടൊക്കെ വന്നു കാണണം. കണ്ടിട്ട് ഇഷ്ടമായാൽ അത് നാല് പേരോട് പറഞ്ഞാൽ ഞങ്ങൾക്ക് ഉപകാരമാകും', എന്നാണ് വീഡിയോയിൽ ടൊവിനോയും ബേസിലും പറയുന്നത്. വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് മേൽ പ്രേക്ഷകർക്കുള്ളത്. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്.
#MaranaMass In Cinemas From Tomorrow.
— AB George (@AbGeorge_) April 9, 2025
See What The Leading Man @basiljoseph25 & Producer @ttovino Has To Say. pic.twitter.com/TM4x8nc5uy
ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന ഗാനങ്ങൾക്കും പോസ്റ്ററുകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ബേസിലിന്റെ മുൻ സിനിമകളെ പോലെ മരണമാസ്സും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ചിത്രത്തിലെ ബേസിലിന്റെ ഗെറ്റപ്പും ഹെയർസ്റ്റൈലുമെല്ലാം നേരത്തെ തന്നെ വെെറലായിരുന്നു.
Content Highlights: Basil Joseph and Tovino Thomas post an Hilarious video about Maranamass