
മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ കഥാപാത്രത്തിന്റെ സ്ക്രീൻ ടൈം കുറഞ്ഞതിന്റെ പേരിൽ വന്ന ട്രോളിന് മറുപടിയുമായി നടൻ മണിക്കുട്ടൻ. എമ്പുരാനിലെ നടന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് 'ഈ പോസ്റ്ററിലെ എക്സ്പ്രഷനൊക്കെ എപ്പോഴാണ് സിനിമയിൽ ഇട്ടത്?' എന്നായിരുന്നു ട്രോൾ വന്നത്. പലവിധത്തിലുള്ള അടിച്ചമർത്തലുകളും കളിയാക്കലും മറികടന്നാണ് ഇവിടെ വരെ എത്തിയത്. അതിനാൽ ഇനിയും മുന്നോട്ട് പോകാൻ കഴിയും എന്ന് താൻ വിശ്വസിക്കുന്നു എന്നാണ് തന്റെ കഥാപാത്രത്തെ പരിഹസിച്ചുള്ള ട്രോള്‍ വിഡിയോ പങ്കുവെച്ചുകൊണ്ട് മണിക്കുട്ടൻ കുറിച്ചത്.
‘മലയാളത്തിലെ അത്രയധികം കളക്ഷൻ കിട്ടിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. സിനിമയിൽ നിലനിൽക്കുക എന്നത് അതിതീവ്രമായ ആഗ്രഹം തന്നെയാണ്, ആ ആഗ്രഹത്തിന്റെ ആത്മ സമർപ്പണമാണ് എനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളും. വലിയ അഭിനേതാവാണ് എന്നൊന്നും ഒരിക്കലും ഞാൻ അവകാശപ്പെടില്ല, എപ്പോഴും പറയുന്ന പോലെ ഇപ്പോഴും ഞാൻ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അഭിനയം പഠിച്ചുകൊണ്ടിരിക്കുക തന്നെയാണ്,'
'പലവിധത്തിലുള്ള അടിച്ചമർത്തലുകളും കളിയാക്കലും മറികടന്നു ഇവിടെ വരെ എത്താമെങ്കിൽ ഇനി മുന്നോട്ടു പോകാനും സാധിക്കും എന്ന് വിശ്വസിക്കുന്നു. സിനിമയിൽ എന്നെ ചേർത്തു നിർത്താൻ ആഗ്രഹിക്കുന്ന സിനിമ പ്രവർത്തകരും പ്രിയപ്പെട്ട പ്രേക്ഷകരുമാണ് എന്റെ ഊർജം, എന്റെ വിശ്വാസം അത് എന്നും നിലനിൽക്കുക തന്നെ ചെയ്യും. ഒരു ഓർമപ്പെടുത്തൽ ആണ് തീയിൽ കുരുത്തവനാ വെയിലത്ത് വാടില്ല,' എന്ന് മണിക്കുട്ടൻ കുറിച്ചു. എമ്പുരാനിൽ മണി എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്.
അതേസമയം എമ്പുരാന് മുന്നിൽ റെക്കോർഡുകൾ തകർന്ന് വീഴുന്ന കാഴ്ചയാണ് ഇപ്പോൾ ബോക്സ് ഓഫീസിൽ നടക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാൻ. മലയാളത്തില്‍ ആദ്യമായി 250 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി എമ്പുരാൻ മാറി. റിലീസ് ചെയ്ത് 11 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
വിദേശ മാർക്കറ്റുകളിലും വമ്പൻ മുന്നേറ്റമാണ് സിനിമ നടത്തുന്നത്. സൗദി അറേബ്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. എമ്പുരാൻ കേരളത്തിൽ നിന്ന് 80 കോടി മറികടന്നിരിക്കുന്നു എന്നാണ് പുറത്തുവരുന്ന അപ്ഡേറ്റ്. ഇതോടെ കേരളത്തിൽ നിന്നും 80 കോടി കടക്കുന്ന രണ്ടാമത്തെ മോഹൻലാൽ സിനിമയും മൂന്നാമത്തെ മലയാളം സിനിമയുമായി എമ്പുരാൻ മാറി. 2018, പുലിമുരുകൻ എന്നിവയാണ് ഇനി എമ്പുരാന് മുന്നിലുള്ള സിനിമകൾ. 89.20 നേടിയ 2018 ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 85.10 കോടിയുമായി പുലിമുരുകനാണ് രണ്ടാം സ്ഥാനത്ത്. പുലിമുരുകന്റെ നേട്ടത്തെ വൈകാതെ എമ്പുരാൻ മറികടക്കുമെന്നാണ് പ്രതീക്ഷ.
Content Highlights: Manikuttan reply to the troll related to Empuraan movie