'എനിക്ക് പോകാൻ വേറൊരിടമില്ല', നടൻ മോഹൻബാബുവിന്റെ വീടിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി മകൻ

ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

dot image

തെലുങ്കിലെ മുതിർന്ന നടനായ മോഹൻ ബാബുവും അദ്ദേഹത്തിന്റെ മകൻ മഞ്ചു മനോജുമായുള്ള തർക്കം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇപ്പോഴിതാ മോഹൻ ബാബുവിന്റെ ജാൽപ്പള്ളിയിലെ വസതിക്ക് മുന്നിൽ മഞ്ചു മനോജ് കുത്തിയിരിപ്പ് സമരം നടത്തി. ഇതേ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

തന്റെ കാർ അനുവാദമില്ലാതെ മോഹൻ ബാബുവിന്റെ മറ്റൊരു മകനും നടനുമായ വിഷ്ണു മഞ്ചു എടുത്തുകൊണ്ടുപോയെന്ന് മഞ്ചു മനോജ് പ്രതികരിച്ചു. തനിക്ക് പോകാൻ വേറൊരിടമില്ല, അതുകൊണ്ടാണ് അച്ഛൻ മോഹൻ ബാബുവിന്റെ വീടിനുമുന്നിൽ കുത്തിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇക്കഴിഞ്ഞ ഡിസംബർ ഒമ്പതിന് മനോജിനും ഭാര്യ മൗനികയ്ക്കുമെതിരെ മോഹൻ ബാബു പോലീസിൽ പരാതികൊടുത്തിരുന്നു. തന്റെ വസ്തുവിലേക്ക് അതിക്രമിച്ചു കയറിയെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. തന്റെ ജീവന് ഭീഷണിയുണ്ട്. താൻ മധപുരിലെ ഓഫീസിലായിരിക്കുമ്പോൾ മനോജ് 30 പേരെ കൂട്ടിവന്ന് ജാൽപള്ളിയിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നെന്നും മോഹൻ ബാബു രചകൊണ്ട പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

മനോജും ഭാര്യ മൗനികയും തന്റെ വസ്തു കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അവിടെ നിന്നും ഇരുവരേയും ഒഴിപ്പിക്കണമെന്നും മോഹൻ ബാബു ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അച്ഛനും മകനും തമ്മിലുള്ള ബന്ധം വഷളായത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുമെന്നാണ് റിപ്പോർട്ട്.

Content Highlights: Mohan Babu - Manoj Babu family dispute video

dot image
To advertise here,contact us
dot image