
'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോജോ എന്ന കഥാപാത്രത്തെയാണ് നസ്‌ലൻ സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി നടൻ നടത്തിയ മേക്കോവർ ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ ആലപ്പുഴ ജിംഖാനയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് നസ്‌ലന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
'ചിത്രത്തിൽ ഞാൻ ജോജോ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജോജോയുടെ വീക്ഷണത്തിലാണ് ഈ സിനിമയുടെ കഥ പോകുന്നത്. തുടക്കത്തിൽ ഇത് എന്നെ കൊണ്ട് പറ്റുന്ന പണിയാണോ എന്ന് സംശയിച്ചിരുന്നു. നിന്റെ കുറച്ച് നാൾ എനിക്ക് തരണം എന്നായിരുന്നു റഹ്മാനിക്ക പറഞ്ഞത്. അതുപോലെ ഒരു സിനിമയ്ക്ക് വേണ്ടി കുറച്ച് അധികം നാൾ തയ്യാറെടുക്കുന്നത് ഇത് ആദ്യമായാണ്. പടത്തിൽ ഒരു മൂന്ന് പഞ്ച് ഞാൻ വാങ്ങുന്നുണ്ട്, അതും ഒരു നാഷണൽ ലെവൽ ബോക്സറിന്റെ കയ്യിൽ നിന്ന്. അത് ആദ്യത്തെ പഞ്ച് കിട്ടിയപ്പോൾ മൂന്ന് സെക്കന്റ് എന്റെ കിളി പോയി,' എന്നാണ് നസ്‌ലൻ പറഞ്ഞത്.
#AlappuzhaGymkhana Character Reveal ⚡
— AB George (@AbGeorge_) April 9, 2025
Naslen k Gafoor as Jojo Johnson ❤️
From Tomorrow 🎬
Good Advance Booking All Over 💥 pic.twitter.com/exLVE3pc0M
അതേസമയം ആലപ്പുഴ ജിംഖാന ഏപ്രിൽ പത്തിന് പുറത്തിറങ്ങും. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്.
Content Highlights: Naslen talks about his character in Alappuzha Gymkhana