
സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ബോക്സ് ഓഫീസിലും കാര്യമായ ചലനം സിനിമയ്ക്ക് ഉണ്ടാകാനായില്ല. ഇപ്പോഴിതാ സിക്കന്ദറിന്റെയും മറ്റ് സമീപകാല ചിത്രങ്ങളുടെയും പരാജയത്തെക്കുറിച്ച് ആരാധകരുമായി സംസാരിക്കാനും അവരുടെ അഭിപ്രായം തേടാനും ഫാൻസിനെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സല്മാന് ഖാന്.
ഗാലക്സി അപാര്ട്ട്മെന്റിലെ വീട്ടിലാണ് സല്മാന് ഖാൻ ആരാധകരുമായി കൂടിക്കാഴ്ച്ച നടത്തിയത്. നടന്റെ സമീപകാല ചിത്രങ്ങൾ തങ്ങളെ നിരാശപ്പെടുത്തിയെന്ന് ആരാധകര് അദ്ദേഹത്തോട് തുറന്ന് പറഞ്ഞു. സിക്കന്ദറിനെക്കുറിച്ച് ആരാധകരോടും സൽമാൻ ചില കാര്യങ്ങൾ തുറന്നു പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. തുടക്കം മുതല്ക്കേ ഈ ചിത്രത്തിന്റെ മുന്നോട്ടുപോക്ക് നേരായ ദിശയിലല്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ഒരു വലിയ ചിത്രം ഇങ്ങനെയല്ല നിര്മ്മിക്കപ്പെടേണ്ടതെന്നും സൽമാൻ പറഞ്ഞു. ആരാധകരെ സന്തോഷിപ്പിക്കുന്ന ചിത്രങ്ങള് താന് ഇനി ഉറപ്പായും ചെയ്യുമെന്നും സല്മാന് ഖാന് അവര്ക്ക് വാക്ക് കൊടുത്തതാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമ റിപ്പോര്ട്ട് ചെയ്തു.
അതേസമയം, സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്റേതെന്നും അതിനാൽ തന്നെ തുടക്കം മുതല് ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് സിക്കന്ദർ എന്നുമാണ് അഭിപ്രായങ്ങൾ. സിനിമയുടെ മ്യൂസിക്കിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. സന്തോഷ് നാരായണൻ നൽകിയ സിനിമയുടെ പശ്ചാത്തല സംഗീതം കഥയുമായി ചേർന്ന് പോകുന്നതല്ലെന്നും ഗാനങ്ങൾ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു.
റിലീസിന് മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായിട്ടുണ്ട്. തമിഴ്റോക്കേഴ്സ്, തമിഴ്എംവി എന്നീ വെബ്സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്ഡി പ്രിന്റ് ആണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പ്രിന്റ് കാണുന്ന വീഡിയോ പലരും എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്മാന് ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്വാലയുടെ സാജിദ് നദിയാദ്വാല ഗ്രാന്റ് സണ്സാണ് ചിത്രം നിര്മിച്ചത്.
Content Highlights: Salman Khan discusses with fans the continued failure of his films