'പടം ഹിറ്റ്... എല്ലാവരും ആവേശത്തിൽ'; ഗുഡ് ബാഡ് അഗ്ലി ടീമിനായി എഴുന്നേറ്റ് നിന്ന് കയ്യടിച്ച് കാണികൾ

ഗുഡ് ബാഡ് അഗ്ലിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്

dot image

അജിത് നായകനാകുന്ന പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ സിനിമ കാണാനെത്തിയ അണിയറപ്രവർത്തകർക്ക് സ്റ്റാന്റിങ് ഒവേഷൻ നൽകുന്നതിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

സിനിമയുടെ ആദ്യ ഷോ കാണുന്നതിന് ആദിക് രവിചന്ദ്രൻ ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ രോഹിണി തിയേറ്ററിലെത്തിയിരുന്നു. സിനിമ അവസാനിച്ചതിന് പിന്നാലെ കാണികൾ അണിയറപ്രവർത്തകരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് എതിരേൽക്കുകയായിരുന്നു. 'എകെ എകെ എകെ' എന്ന് ആർപ്പ് വിളിച്ചുകൊണ്ടായിരുന്നു പ്രേക്ഷകർ തങ്ങളുടെ ആവേശം പ്രകടിപ്പിച്ചത്.

ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ ഗുഡ് ബാഡ് അഗ്ലിക്ക് മികച്ച പ്രതികരണങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. അജിത് ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് ആദിക് രവിചന്ദ്രൻ ഒരുക്കിവെച്ചിരിക്കുന്നത് എന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. ഗുഡ് ബാഡ് അഗ്ലി 'ഒരു പക്കാ ഫാൻ ബോയ് സംഭവമാണ്' എന്നാണ് പലരും അഭിപ്രായപ്പെട്ടുന്നത്.

ഇൻട്രോ സീൻ മുതൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുന്നുണ്ട്. മാത്രമല്ല അജിത്തിന്റെ ടൈറ്റിൽ കാർഡ് ഏറെ ആവേശമുണർത്തുന്നതാണെന്നും പ്രേക്ഷകർ പറയുന്നു. തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു 'അജിത് ഷോ' തന്നെയാണ് സിനിമ. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന്ന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്.

മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

Content Highlights: Team of Good Bad Ugly receives a standing ovation and huge applause

dot image
To advertise here,contact us
dot image