
എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ജഗദീഷ്. എമ്പുരാനും മുൻപ് കുറെ കാലമായി താനിവിടെ ചർച്ചകൾ കാണാറുണ്ട്. എന്നാൽ താൻ അതിനെതിരെ പ്രതികരിച്ചിട്ടില്ല. അടുത്ത കലാപത്തിലേക്ക് വഴിമരുന്ന് ഇടുന്നവര്‍ക്കെതിരെ ഇതുവരെ സംസാരിച്ചിട്ടില്ല. അതിന്റെ കുറ്റബോധത്തിലാണ് താനെന്നും ജഗദീഷ് പറഞ്ഞു. എമ്പുരാൻ വിവാദം സിനിമാക്കാരെ സെൽഫ് സെൻസർഷിപ്പിലേക്ക് നയിക്കുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു നടൻ. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു ജഗദീഷിന്റെ പ്രതികരണം.
'എമ്പുരാനും മുൻപ് കുറെ കാലമായി ഞാനിവിടെ ചർച്ചകൾ കാണുന്നു. സായാഹ്ന ചർച്ചകളിൽ രണ്ട് മതത്തിൽപ്പെട്ടവരെ ഇരുത്തിയിട്ട് ഞങ്ങൾ 67 പേരെ കൊന്നു, നിങ്ങളുടെ 71 പേരെ കൊന്നു എന്ന് പരസ്പരം പറയുമ്പോൾ അതിനെ ഒന്നുകൂടെ ആവേശം കൊള്ളിക്കുന്ന അവതാരകനെയും അവതാരകയെയും ഞാൻ കണ്ടിട്ടുണ്ട്. അതിനെതിരെ ഞാൻ പ്രതികരിച്ചിട്ടില്ല. അപ്പോൾ ഞാനും കുറ്റവാളിയാണ്. അതിന്റെ കുറ്റബോധത്തിലാണ് ഞാൻ. ആ കുറ്റം ഞാൻ ഏറ്റെടുക്കുകയാണ്. അടുത്ത കലാപത്തിലേക്ക് വഴിമരുന്ന് ഇടരുത്. 1000 കൊല്ലം മുൻപ് നടന്ന മതസംഘർഷത്തെക്കുറിച്ച് ഇന്നും ഡിസ്കസ് ചെയ്യുന്നുണ്ട്, എന്തിനാ? അടുത്ത കലാപം വരാൻ വേണ്ടിയാണ്, ജഗദീഷ് പറഞ്ഞു.
മാർച്ച് 27 നായിരുന്നു എമ്പുരാൻ റിലീസ് ചെയ്തത്. ചിത്രത്തിലെ ഗുജറാത്ത് കലാപത്തെയും ബാബു ബജ്രംഗിയെയും കുറിച്ചുള്ള റഫറന്‍സുകള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവാദ ഭാഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 20 ൽ കൂടുതൽ ഭാഗങ്ങളാണ് സിനിമയിൽ നിന്ന് കട്ട് ചെയ്ത് മാറ്റിയത്. വിവിധ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ഭാഗങ്ങളും വെട്ടിമാറ്റിയിരുന്നു.
Content Highlights: Actor jagadish responds to empuraan issue