മോഹൻലാലിന് മുന്നിൽ വഴിമാറി അജിത്തും സൽമാനും; ഓപ്പണിങ് ഡേ കളക്ഷനിൽ ഇനി എമ്പുരാന് മുന്നിൽ ആ ഷങ്കർ സിനിമ മാത്രം

67 കോടിയാണ് എമ്പുരാന്റെ ആദ്യ ദിന കളക്ഷൻ. ഒരു മലയാളം സിനിമ നേടുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആണിത്

dot image

മലയാളത്തിലെ സകല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ് മോഹൻലാൽ ചിത്രം എമ്പുരാൻ. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 250 കോടി കളക്ഷൻ ആണ് സിനിമ ഇതുവരെ നേടിയത്. ഇപ്പോഴിതാ മറ്റൊരു നേട്ടവും കൂടി എമ്പുരാൻ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഈ വർഷം ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സൗത്ത് ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാൻ.

അജിത്തിന്റെ വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി, സൽമാൻ ചിത്രം സിക്കന്ദർ എന്നിവരെ പിന്തള്ളിയാണ് എമ്പുരാൻ രണ്ടാം സ്ഥാനം നേടിയത്. ഷങ്കർ ചിത്രമായ ഗെയിം ചേഞ്ചർ ആണ് എമ്പുരാന് മുന്നിലുള്ള സിനിമ. 79 കോടി ആയിരുന്നു ഗെയിം ചേഞ്ചറിൻ്റെ ആദ്യ ദിനം ആഗോള കളക്ഷൻ. മോശം പ്രതികരണം നേടിയ സിനിമയ്ക്ക് തുടർന്ന് ആ കളക്ഷൻ നിലനിർത്താനായില്ല. 67 കോടിയാണ് എമ്പുരാന്റെ ആദ്യ ദിന കളക്ഷൻ. ഒരു മലയാളം സിനിമ നേടുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആണിത്. അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയാണ് മൂന്നാം സ്ഥാനത്ത്. 51 കോടി നേടിയ സിനിമ വമ്പൻ കുതിപ്പാണ് ബോക്സ് ഓഫീസിൽ നടത്തുന്നത്. അജിത്തിന്റെ തന്നെ വിടാമുയർച്ചി 47 കോടി നേടി നാലാം സ്ഥാനം കരസ്ഥമാക്കി. സൽമാൻ ഖാൻ - എ ആർ മുരുഗദോസ് കൂട്ടുകെട്ടിലൊരുങ്ങിയ സിക്കന്ദർ 45 കോടി നേടിക്കൊണ്ട് അഞ്ചാം സ്ഥാനം സ്വന്തമാക്കി. മോശം അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ കൂപ്പുകുത്തിയിരുന്നു.

വിഷു റിലീസുകൾ എത്തിയപ്പോഴും എമ്പുരാൻ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് 16 ദിവസങ്ങൾ കഴിയുമ്പോൾ കേരളത്തിൽ നിന്ന് 83.20 കോടിയാണ് എമ്പുരാന്റെ നേട്ടം. മൂന്നാം ആഴ്ചയിലും നിരവധി എക്സ്ട്രാ സ്‌ക്രീനുകളും ഷോസുമാണ് സിനിമയ്ക്കായി നൽകിയിരിക്കുന്നത്. ചിത്രം ഉടൻ കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള 2018 നെ മറികടക്കുമെന്നാണ് പ്രതീക്ഷ. 89.20 കോടിയാണ് 2018 ന്റെ കളക്ഷൻ. എമ്പുരാന്‍ ഇതുവരെ ഇന്ത്യയില്‍ 103.05 കോടി നെറ്റ് കളക്ഷനാണ് നേടിയിരിക്കുന്നത്. അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ആശങ്കകള്‍ അവസാനിച്ചു. സിനിമയുടെ പേര് 'അസ്രേല്‍' എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.

Content Highlights: Empuraan crosses Good Bad Ugly and Sikandar at box office

dot image
To advertise here,contact us
dot image