
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ഹിറ്റായ ഫ്രാഞ്ചൈസികളിൽ ഒന്നാണ് ക്രിഷ് സീരീസ്. ഹൃത്വിക് റോഷൻ നായകനായ ഈ സൂപ്പർഹീറോ ഫ്രാഞ്ചൈസിയിലെ നാലാം ചിത്രത്തിന്റെ അപ്ഡേറ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിനിമയുടെ ഷൂട്ടിംഗ് 2026 ആരംഭിക്കുമെന്നും നടൻ ഹൃത്വിക് റോഷൻ ആണ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതെന്നുമാണ് പുതിയ റിപ്പോർട്ട്. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചിരിക്കുകയാണ് ഹൃത്വിക് റോഷൻ.
പുതിയ റോളിൽ തനിക്ക് പേടിയും പരിഭ്രാന്തിയുമുണ്ടെന്നും വീണ്ടും നഴ്‌സറി ക്ലാസില്‍ എത്തിയതുപോലെയാണ് തനിക്ക് തോന്നുന്നതെന്നും ഹൃത്വിക് റോഷൻ പറഞ്ഞു. 'പുതിയ വെല്ലുവിളിയാണ് വരാനിരിക്കുന്നത്. ഞാനെടുത്ത തീരുമാനങ്ങളില്‍ ഏറ്റവും മോശമെന്ന് തോന്നുന്ന നിമിഷങ്ങള്‍ വരുമെന്ന് എനിക്കുറപ്പാണ്. അങ്ങനെ ഒറ്റപ്പെട്ടുപോകുന്ന നിമിഷങ്ങളില്‍, ഭയം തോന്നുന്ന സമയങ്ങളില്‍ ഞാന്‍ നിങ്ങളെ ഓര്‍ക്കും, നിങ്ങളുടെ സ്‌നേഹം ഓര്‍ക്കും. എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണം', ആരാധകരോട് ഹൃത്വിക് റോഷൻ പറഞ്ഞു.
യഷ് രാജ് ഫിലിംസിന്റെ ഉടമയും സംവിധായകനുമായ ആദിത്യ ചോപ്രയും സംവിധായകൻ രാകേഷ് റോഷനും ചേർന്നാണ് ക്രിഷ് 4 നിർമിക്കുന്നത്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് ലോക്ക് ചെയ്‌തെന്നും ഇപ്പോൾ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു. ഹൃത്വിക്കിനെ സംവിധായകനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു പോസ്റ്റും അച്ഛൻ രാകേഷ് റോഷൻ പങ്കുവെച്ചിരുന്നു. 'ദുഗ്ഗു, 25 വർഷം മുമ്പ് ഞാൻ നിന്നെ ഒരു അഭിനേതാവായി അവതരിപ്പിച്ചു. ഞങ്ങളുടെ സ്വപ്ന സിനിമയായ ക്രിഷ് 4 മുന്നോട്ട് കൊണ്ടുപോകാൻ
25 വർഷത്തിന് ശേഷം ഇന്ന് വീണ്ടും നിന്നെ ആദി ചോപ്രയും ഞാനും ചേർന്ന് സംവിധായകനായി അവതരിപ്പിക്കുകയാണ്. നിനക്ക് എല്ലാ വിജയങ്ങളും ആശംസകളും അനുഗ്രഹങ്ങളും നേരുന്നു', എന്നാണ് രാകേഷ് റോഷൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
2003-ൽ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷന്‍റെ ക്രിഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. പിന്നീട് 2006-ൽ ക്രിഷിലൂടെ ഒരു സൂപ്പർ ഹീറോ ഫ്രാഞ്ചൈസിയാക്കി ഇത് മാറ്റി. 2013-ൽ ക്രിഷ് 3 എന്ന ചിത്രത്തില്‍ ഹൃത്വിക്, രോഹിതിനെയും അദ്ദേഹത്തിന്‍റെ മകൻ കൃഷ്ണയെയും വീണ്ടും അവതരിപ്പിച്ചു. കോയി മിൽ ഗയയിൽ ഹൃത്വിക്കിന്‍റെ നായികയായി പ്രീതി സിൻ്റ അഭിനയിച്ചപ്പോൾ, ക്രിഷ് ചിത്രങ്ങളില്‍ പ്രിയങ്ക നായികയായി. ആദ്യ രണ്ട് ഭാഗങ്ങളിൽ രേഖയും രണ്ടാം ഭാഗത്തിൽ നസീറുദ്ദീൻ ഷാ, വിവേക് ഒബ്‌റോയ്, കങ്കണ റണാവത്ത് എന്നിവരും ഫ്രാഞ്ചൈസിയിൽ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Hrithik Roshan about Krrish 4 directorial debut