
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് സിനിമയിൽ മോഹൻലാൽ എത്തുന്നത്. സിനിമയുടെ എല്ലാ അപ്ഡേറ്റുകൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ അറൈവൽ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മോഹൻലാലിന്റേയും ശോഭനയുടെയും ഒരു സീനാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മോഹന്‍ലാലിന്‍റെ കഥാപാത്രമായ ഷണ്മുഖൻ താടി വടിക്കാൻ പോകുമ്പോൾ എതിർക്കുന്ന ശോഭനയുടെ ലളിതയെ ആണ് ടീസറിൽ കാണുന്നത്. 'ഇന്ത താടിയിൽ അല്ലേ അണ്ണാ നമ്മുടെ പവർ' എന്നാണ് ടീസറിൽ കമന്റായി ആരാധകർ കുറിക്കുന്നത്. ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തുന്നത്.
മോഹൻലാലിൻ്റെ ഒരു പക്കാ എനർജെറ്റിക് പെർഫോമൻസ് ആയിരിക്കും 'തുടരു'മിലേത് എന്ന സൂചനയാണ് നേരത്തെ പുറത്തുവിട്ട ട്രെയ്‌ലർ നൽകുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Thudarum movie arrival teaser out now