സൗദിക്ക് മാറ്റമുണ്ട്; ഇന്ത്യക്കുണ്ടായത് പുരോഗതിയോ അധോഗതിയോ എന്ന്‌ സംശയം: ടൊവിനോ

'മറ്റ് രാജ്യങ്ങളില്‍ നിയമം വേറെയാണ്. തത്കാലം ഒന്നുംചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്'

dot image

ബേസിൽ ജോസഫ് നായകനായി എത്തിയ മരണമാസ്സ്‌ എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചിരുന്നു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. കുവൈറ്റില്‍ സിനിമയിലെ ആദ്യപകുതിയിലെയും രണ്ടാംപകുതിയിലെയും ചില രംഗങ്ങള്‍ നീക്കംചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരുന്നു. നമ്മുടെ രാജ്യമാണെങ്കിൽ ഫൈറ്റ് ചെയ്യാമായിരുന്നുവെന്നും എന്നാൽ സൗദിയിൽ നിയമം വേറെ ആണെന്നും ടൊവിനോ പറഞ്ഞു. ചിത്രം റിലീസ് ചെയ്ത ശേഷമുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.

'കുവൈറ്റില്‍ കുറച്ച് ഷോട്ടുകള്‍ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്. സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. നമ്മുടെ രാജ്യമൊക്കെയാണെങ്കില്‍ വേണമെങ്കില്‍ ചോദ്യംചെയ്യാം, അതിന് വേണ്ടി ഫൈറ്റ് ചെയ്യാം. മറ്റ് രാജ്യങ്ങളില്‍ നിയമംവേറെയാണ്. തത്കാലം ഒന്നുംചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. അത് കാര്യമാക്കേണ്ടതില്ല. വേറെ ഒരുപാട് സ്ഥലങ്ങളില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞു. ഇത് പ്രശ്‌നമല്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്, അവിടെയൊക്കെ നന്നായി ആളുകള്‍ ചിത്രത്തെ സ്വീകരിച്ചുകഴിഞ്ഞു. അവര്‍ക്ക് അതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ല. ഓരോ രാജ്യങ്ങളുടെ നിയമമാണ്', ടൊവിനോ പറഞ്ഞു.

'സൗദിയപ്പറ്റി നമുക്ക് എല്ലാര്‍വര്‍ക്കും അറിയാം. ഞാന്‍ 2019-ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023-ല്‍ പോയപ്പോള്‍ കണ്ടത്. അതിന്റേതായ സമയം കൊടുക്കൂ, അവര്‍ അവരുടേതായ ഭേദഗതികള്‍ വരുത്തുന്നുണ്ട്. എന്നാൽ 2019-ല്‍ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് വലിയ ചോദ്യമാണ്. കഴിഞ്ഞ അഞ്ചാറുവര്‍ഷംകൊണ്ട് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതില്‍ എനിക്ക് സംശയമുണ്ട്', ടൊവിനോ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി മരണമാസ് തിയേറ്ററുകളിൽ മുന്നേറുകയാണ്. ബേസിൽ ജോസഫിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റായി എല്ലാവരും പറയുന്നത്. സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, ബാബു ആന്റണി തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. രസകരമായ തിരക്കഥയ്ക്കും ശിവപ്രസാദിന്റെ സംവിധാന മികവിനും കയ്യടി ലഭിക്കുന്നുണ്ട്.

Content Highlights: Tovino Thomas speaks out on Saudi Arabia banning the film maranamass

dot image
To advertise here,contact us
dot image