തലൈവർക്ക് പിന്നാലെ നീലാംബരിയുമെത്തി; ജയിലർ 2 ചിത്രീകരണം പുരോഗമിക്കുന്നു

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം

dot image

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോൾ ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി നടി രമ്യ കൃഷ്ണനുമെത്തിയിരിക്കുകയാണ്. നടി തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

രജനികാന്തും രമ്യ കൃഷ്ണനും ഒന്നിച്ച് അഭിനയിച്ച ഹിറ്റ് ചിത്രം പടയപ്പയുടെ 26-ാം വാർഷിക ദിനത്തിലാണ് നടി ജയിലർ 2 ന്റെ ചിത്രീകരണം ആരംഭിച്ചത്. 'പടയപ്പയുടെ 26 വർഷങ്ങളും ജയിലർ 2 ന്റെ ആദ്യ ദിവസത്തെ ഷൂട്ടിംഗും' എന്ന കുറിപ്പോടെയാണ് നടി സിനിമയുടെ ചിത്രീകരണ വിശേഷം പങ്കുവെച്ചത്.

ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയിലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.

2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ സിനിമ കളക്ഷനും നേടി. ജയിലറിൽ വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ നിർമൽ ആയിരുന്നു. ജയിലർ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Content Highlights: Ramya Krishnan joins Jailer 2

dot image
To advertise here,contact us
dot image