
സമീപ കാലത്ത് മികച്ച പെർഫോമൻസുകളിലൂടെ ശ്രദ്ധയാകർഷിച്ച നടനാണ് ആനന്ദ് മന്മഥൻ. പൊന്മാനിലെ ബ്രൂണോയും ലവ് അണ്ടർ കൺസ്ട്രക്ഷനിലെ കോൺട്രാക്ടർ ജിജിയും ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. തനിക്ക് അഭിനയത്തിൽ മാതൃകയും പ്രചോദനവുമായ മലയാളത്തിലെ ക്യാരക്ടർ ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കുകയാണ് ആനന്ദ് മന്മഥൻ ഇപ്പോൾ.
സിനിമയിലേക്ക് വരാൻ കാരണം മോഹൻലാലും മമ്മൂട്ടിയും പോലുള്ള താരങ്ങളാണെങ്കിലും അഭിനയം പഠിക്കണമെന്ന് ആഗ്രഹിക്കുമ്പോൾ ക്യാരക്ടർ ആർട്ടിസ്റ്റുകളിലേക്കാണ് നോക്കുക എന്ന് പറയുകയാണ് ആനന്ദ്. ആഭ്യന്തര കുറ്റവാളി എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് അഭിനയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെച്ചത്.
'സിനിമയിലേക്ക് വരാൻ കാരണം മോഹൻലാലും മമ്മൂക്കയും പോലുള്ളവർ തന്നെയാണ്. പക്ഷെ അഭിനയം പഠിക്കണമെന്ന് ആഗ്രഹിക്കുമ്പോൾ നോക്കുന്നത് ക്യാരക്ടർ ആർട്ടിസ്റ്റുകളിലേക്കാണ്. ലവ് അണ്ടർ കൺസ്ട്രക്ഷനിലെ ജിജി എന്ന കഥാപാത്രത്തിനായി ഞാൻ ഏറ്റവും കൂടുതൽ ആശ്രയിച്ചത് ജഗദീഷേട്ടന്റെ പെർഫോമൻസുകളെ ആയിരിക്കും.
മലയാള സിനിമയുടെ ഏറ്റവും വലിയ കരുത്ത് ക്യാരക്ടർ ആർട്ടിസ്റ്റുകളാണ്. റീമേക്ക് ചെയ്യുമ്പോൾ പകരം വെക്കാനാകാത്ത പെർഫോമൻസാണ് അവരുടെ ഭാഗത്ത് നിന്നും ലഭിക്കുക.
ജഗദീഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ,മുരളി, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ തുടങ്ങിയവരെ കണ്ടാണ് നമ്മൾ അഭിനയം പഠിക്കുന്നത്.
ഡയലോഗ് ഇല്ലാതെ നിൽക്കുന്ന സമയത്ത് എന്താണ് ചെയ്യുക എന്നത് ഇവരിൽ നിന്നാണ് പഠിക്കുന്നത്.
ആഭ്യന്തര കുറ്റവാളി എന്ന സിനിമയിൽ ജഗദീഷേട്ടനൊപ്പം കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു. പക്ഷെ ഹരിശ്രീ അശോകൻ ചേട്ടനൊപ്പം ഉണ്ടായിരുന്നു. വിസ്മയപ്പിക്കുന്ന ടൈമിങ്ങുള്ള നടനാണ് അദ്ദേഹം. പറക്കും തളികയിലെ സീനൊക്കെ എന്നും ഓർക്കാറുണ്ട്. ഇത്തരത്തിൽ പല കാര്യങ്ങൾ ഈ ക്യാരക്ടർ ആർട്ടിസ്റ്റുകളെ കണ്ടാണ് പഠിപ്പിക്കുന്നത്,' ആനന്ദ് മന്മഥൻ പറഞ്ഞു.
Content Highlights: Anand Manmadhan about character artists in Malayalam