2025, അത് മോഹന്‍ലാലിനുള്ളതാ!; ഹൃദയപൂര്‍വ്വം റിലീസ് അപ്‌ഡേറ്റുമായി ആന്റണി പെരുമ്പാവൂര്‍

ആശിര്‍വാദ് സിനിമാസിന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ആന്റണി ചിത്രത്തിന്റെ റിലീസിനെ കുറിച്ച് കൂടി സംസാരിച്ചത്.

dot image

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി ഒരുങ്ങുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

ഇപ്പോള്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് ഹൃദയപൂര്‍വ്വം ടീം ആശിര്‍വാദ് സിനിമാസിന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ആന്റണി ചിത്രത്തിന്റെ റിലീസിനെ കുറിച്ച് കൂടി സംസാരിച്ചത്. ഓണത്തിന് സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

'സത്യന്‍ സാറിന്റെയും ലാല്‍ സാറിന്റെയും കോമ്പിനേഷനില്‍ ഒരുപാട് സൂപ്പര്‍ ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്കായി സമ്മാനിച്ചിട്ടുണ്ട്. അതുപോലൊരു ചിത്രം ഇത്തവണ ഓണത്തിന് തിയേറ്ററുകളിലെത്തും, ഹൃദയപൂര്‍വ്വം' ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ആശിര്‍വാദിന്റെ വിഷു ആശംസാ വീഡിയോയില്‍ മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, മാളവിക മോഹനന്‍ എന്നിവരും സംസാരിക്കുന്നുണ്ട്. നേരത്തെ സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പുറത്തുവന്നിരുന്നു. ഇവ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നുണ്ട്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം.

Content Highlights: Hridhayapoorvam release update by Antony Perumbavoor

dot image
To advertise here,contact us
dot image