
ആദിക് രവിചന്ദ്രൻ അജിത്ത് ഫാൻസിന് ഒരുക്കിയ വിരുന്നായ ഗുഡ് ബാഡ് അഗ്ലി തിയേറ്ററിൽ ഗംഭീര പ്രകടനം നടത്തി മുന്നേറുകയാണ്. അജിത്തിന്റെ മുൻ സിനിമകളുടെ റഫറൻസുകളുമായി കളർഫുള്ളായി എത്തുന്ന പടം ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ അജിത്തും ആദികും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
അജിത്തും ആദിക് രവിചന്ദ്രനും വീണ്ടും ഒരു പുതിയ പ്രോജക്റ്റിനായി കൈ കൊടുക്കുന്നതായി ഹിന്ദു തമിഴ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും ഈ റിപ്പോർട്ട് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
അതേസമയം ഗുഡ് ബാഡ് അഗ്ലി 100 കോടി കളക്ഷനും കടന്ന് ജൈത്രയാത്ര തുടരുകയാണ്. തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു 'അജിത് ഷോ' തന്നെയാണ് സിനിമ. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന്ന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്.
മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.
Content Highlights: Is Ajith Kumar teaming up with director Adhik Ravichandran again