
തമിഴ് താരം ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മദ്രാസിയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിലെത്തും. റിലീസ് വിവരം പങ്കുവെച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. എ ആർ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.
Content Highlights: Madharasi locks its release date