ജയ ജയ ജയ ജയ ഹേ ഹിന്ദിയിൽ ചെയ്യാനിരുന്നതാണ്, പക്ഷെ നടന്നില്ല; കാരണം വെളിപ്പെടുത്തി അസീസ് നെടുമങ്ങാട്

ആമിർ ഖാന്റെ നേതൃത്വത്തിൽ ജയ ഹേ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ചർച്ചകളും നടന്നിരുന്നു

dot image

വിപിൻദാസിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. പ്രേക്ഷക പ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രം തിയേറ്ററുകളിലും വിജയമായിരുന്നു.

സിനിമ മറ്റ് ഭാഷകളിലും ശ്രദ്ധ നേടിയിരുന്നു. ആമിർ ഖാന്റെ നേതൃത്വത്തിൽ ജയ ഹേ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ചർച്ചകളും നടന്നിരുന്നു. വിപിൻദാസും ആമിർ ഖാനും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

എന്നാൽ ഈ പ്രോജക്ട് നിലച്ചു പോകാനുള്ള കാരണത്തെ കുറിച്ച് പറയുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച അസീസ് നെടുമങ്ങാട്. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ച് താരം സംസാരിച്ചത്. അനി എന്ന കഥാപാത്രത്തെ ആയിരുന്നു അസീസ് ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്.

ജയ ഹേയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെ ഹിന്ദി സിനിമയിൽ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത് എന്ന് അസീസ് പറഞ്ഞു. മലയാളത്തിലെ ക്യാരക്ടർ ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നടൻ ഇക്കാര്യം പങ്കുവെച്ചത്.

'ജയ ജയ ജയ ജയ ഹേ ആമിർ ഖാനാണ് ഹിന്ദിയിൽ ചെയ്യാനായി എടുത്തത്. പക്ഷെ ഓരോ റോളും ആര് ചെയ്യുമെന്നായി അവരുടെ ചർച്ച. അമ്മയുടെ വേഷം മലയാളത്തിലെ നടിയെ കൊണ്ട് തന്നെ ചെയ്യിക്കാം. മറ്റ് വേഷങ്ങളും അങ്ങനെ തന്നെ ചെയ്യിപ്പിച്ചാലോ എന്നുവരെ പോയി ചർച്ചകൾ. കാരണം അവിടെ അത്തരത്തിലുള്ള ആളുകളെ അവർക്ക് കണ്ടെത്താനാകുന്നില്ലായിരുന്നു. അങ്ങനെ കാസ്റ്റിങ്ങ് വിചാരിച്ച പോലെ നടക്കാനാകാതെയാണ് ആ സിനിമ ഡ്രോപ്പായത്,' അസീസ് നെടുമങ്ങാട് പറഞ്ഞു.

Content Highlights: Azeez Nedumangadu reveals why Jaya jaya jaya jaya hei Hindi remake dropped

dot image
To advertise here,contact us
dot image