
സോഷ്യൽ മീഡിയയിലെ ഫോളോവേഴ്സ് എല്ലാം ടിക്കറ്റായി മാറില്ലെന്നും സോഷ്യൽ മീഡിയയും അതിന് പുറത്തുള്ള ലോകവും രണ്ടാണെന്നും നടി പൂജ ഹെഗ്ഡെ. സോഷ്യൽ മീഡിയയിലെ ട്രോളുകളും കമന്റുകളും തന്നെ വിഷമിപ്പിക്കുന്നുണ്ട് എന്നാൽ അതൊരിക്കലും റിയൽ വേൾഡ് അല്ലെന്ന് മനസിലാക്കേണ്ടതുണ്ടെന്നും പൂജ ഹെഗ്‌ഡെ പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ റെട്രോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് പൂജ ഇക്കാര്യം പറഞ്ഞത്.
'സോഷ്യൽ മീഡിയയും അതിന് പുറത്തുള്ള ലോകവും രണ്ടും രണ്ടാണ്. ഞാൻ തിരുപ്പതിയിൽ പോയപ്പോൾ ആളുകൾ എന്നോട് വളരെ സ്നേഹത്തോടെ അടുത്ത് വന്ന് പെരുമാറുകയുണ്ടായി. ആ സ്നേഹമാണ് എനിക്ക് വലുത്. സോഷ്യൽ മീഡിയയിലെ പല നെഗറ്റീവ് കമൻ്റുകളും ചെയ്യുന്നത് ഡിപി/പോസ്‌റ്റുകളൊന്നുമില്ലാത്ത ബോട്ടുകളാണ്. അവരുടെ ട്രോളുകളും കമന്റുകളും എന്നെ വിഷമിപ്പിക്കുന്നുണ്ട്. കാരണം ഞാനും മനുഷ്യനാണ്.
പക്ഷെ അത് റിയൽ വേൾഡ് അല്ലെന്ന് മനസിലാക്കേണ്ടത് നമ്മളാണ്. എനിക്ക് 30 മില്യൺ ഫോളോവേഴ്‌സ് ഉണ്ട്, എന്നാൽ അതെല്ലാം ടിക്കറ്റായി മാറും എന്നല്ല. 5 മില്യൺ ഫോളോവേഴ്‌സ് ഉള്ള അഭിനേതാക്കൾ ഉണ്ട്, പക്ഷേ അവർ ചിലപ്പോൾ സൂപ്പർ സ്റ്റാറുകളാണ്. ഇത്തരം സോഷ്യൽ മീഡിയ കമന്റുകളെക്കാൾ ഞാൻ വില നൽകുന്നത് നേരിട്ട് കാണുമ്പോൾ ആളുകൾ നൽകുന്ന ഫീഡ്ബാക്കിനാണ്', പൂജ ഹെഗ്‌ഡെ പറഞ്ഞു.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് സൂര്യ നായകനായി എത്തുന്ന റെട്രോയാണ് ഇനി പുറത്തിറങ്ങാനുള്ള പൂജയുടെ ചിത്രം. മെയ് ഒന്നിനാണ് ചിത്രം പുറത്തിറങ്ങുന്നത്. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സിനിമയുടെ ടാഗ് ലൈൻ. ചിത്രത്തിൽ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.
Content Highlights: 30 million followers won't convert into tickets says pooja hegde