'കോപ്പിറൈറ്റ് ചോദിച്ചാൽ പണം മാത്രമേ കിട്ടൂ, അംഗീകാരം കിട്ടില്ല'; ദേവയുടെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു

'2K കിഡ്‌സിനുപോലും എന്നെ അറിയാം. അതാണ് പ്രധാനം എന്ന് ഞാന്‍ വിചാരിക്കുന്നു'

dot image

അജിത്ത് കുമാര്‍ നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമക്കെതിരെ സംഗീത സംവിധയകാൻ ഇളയരാജ പകർപ്പവകാശ ലംഘനത്തിന് നടപടി സ്വീകരിച്ചിരിക്കുകയാണ്. താന്‍ ഈണമിട്ട ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ചാണ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. 5 കോടിയാണ് നഷ്ടപരിഹാരം ഇളയരാജ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നാലെ പകര്‍പ്പവകാശത്തെക്കുറിച്ച് സംഗീത സംവിധായകന്‍ ദേവ മുമ്പ് ഒരു അഭിമുഖത്തിൽ പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.

പ്രഭുദേവ നായകനായ 'ഏഴയിന്‍ സിരിപ്പില്‍' എന്ന ചിത്രത്തിനായി ദേവ ചിട്ടപ്പെടുത്തിയ 'കറുകറുകറുപ്പായി' എന്ന ഗാനം വിജയ് ചിത്രം 'ലിയോ'യിൽ പുനരുപയോഗിച്ചിരുന്നു. ഇതിനെക്കുറിച്ച് ദേവ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'കോപ്പിറൈറ്റ് ചോദിച്ചാൽ പണം മാത്രമേ കിട്ടൂ, അംഗീകാരം കിട്ടില്ല. ഞാന്‍ ഇപ്പോള്‍ തിരിച്ചുവരുന്നു, 2K കിഡ്‌സിനുപോലും എന്നെ അറിയാം. അതാണ് പ്രധാനം എന്ന് ഞാന്‍ വിചാരിക്കുന്നു. 'കറുകറു കറുപ്പായി' ഇദ്ദേഹമാണ് സംഗീതം ചെയ്തത് എന്ന് പറയുമ്പോള്‍ എന്നെ കുട്ടികൾ പോലും തിരിച്ചറിയുന്നു. അത് എത്ര കോടി രൂപ നല്‍കിയാലും കിട്ടാത്ത അംഗീകാരമാണ്. വരുന്ന തലമുറകളും എന്നെ തിരിച്ചറിയണം, സംഗീതസംവിധായകനായി അടയാളപ്പെടുത്തപ്പെടണം. അത്രമാത്രമേയുളൂ', എന്നായിരുന്നു ദേവ അന്ന് പറഞ്ഞത്.

അതേസമയം ഇളയരാജയുടെ നിയമനടപടിയിൽ ഗുഡ് ബാഡ് അഗ്ലി നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് പ്രതികരിച്ചിട്ടുണ്ട്. സിനിമയിൽ ഉപയോഗിച്ച പാട്ടുകൾക്ക് ആവശ്യമായ എല്ലാ അനുമതിയും മ്യൂസിക് ലേബലുകളിൽ നിന്നും തങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് സിനിമയുടെ നിർമാതാക്കളിൽ ഒരാളായ യലമഞ്ചിലി രവിശങ്കർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

നേരത്തെയും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്തുവന്നിട്ടുണ്ട്. സ്‌റ്റേജ് ഷോകള്‍ക്കെതിരെയും അദ്ദേഹം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഗാനങ്ങളുടെ പകര്‍പ്പവകാശമുള്ള സറ്റുഡിയോ,വ്യക്തികള്‍,നിര്‍മാണ കമ്പനികള്‍ എന്നിവരില്‍ നിന്നും അനുവാദം നേടിയതിന് ശേഷമാണ് മിക്ക സിനിമകളും ഇളയരാജയുടെ ഗാനം ഉപയോഗിക്കുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Music Director Deva's words about copyright getting viral

dot image
To advertise here,contact us
dot image