
നാലാഴ്ച കൊണ്ട് ഒരു സിനിമ നേടുന്ന കളക്ഷൻ ആണ് എമ്പുരാൻ ഒരാഴ്ച കൊണ്ട് നേടിയതെന്ന് തിയറ്ററുടമയും ഫിയോക് പ്രതിനിധിയുമായ സുരേഷ് ഷേണായ്. എമ്പുരാൻ വന്നതോടെ തിയേറ്ററിലേക്ക് ആളുകൾ തിരിച്ചു വന്നു. ആദ്യ ആഴ്ചയിൽ തന്നെ നല്ല കളക്ഷൻ നേടി മലയാളം സിനിമയിൽ ഒരു റെക്കോർഡ് ഉണ്ടാക്കാൻ എമ്പുരാന് സാധിച്ചെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് ഷേണായ് പറഞ്ഞു.
'മലയാളം സിനിമയിൽ ഒരു റെക്കോർഡ് ഉണ്ടാക്കാൻ എമ്പുരാന് സാധിച്ചു. ആദ്യ ആഴ്ചയിൽ തന്നെ നല്ല കളക്ഷൻ നേടി. നാലാഴ്ച കൊണ്ട് ഒരു സിനിമ നേടുന്ന കളക്ഷൻ ആണ് എമ്പുരാൻ ഒരാഴ്ച കൊണ്ട് നേടിയത്. കാരണം എമ്പുരാന്റെ സമയത്ത് മറ്റു റിലീസുകൾ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ കേരളത്തിലെ 700 സ്‌ക്രീനുകളിൽ 600 ൽ അധികം സ്‌ക്രീനുകളും എമ്പുരാനാണ് പ്രദർശിപ്പിച്ചത്.
ഗംഭീര ബുക്കിംഗ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായത് കൊണ്ട് തന്നെ സിനിമയ്ക്ക് നല്ല ഹൈപ്പ് ഉണ്ടായിരുന്നു. എമ്പുരാൻ വന്നതോടെ തിയേറ്ററിലേക്ക് ആളുകൾ തിരിച്ചു വന്നു. ഫെബ്രുവരിയും മാർച്ചും മോശപ്പെട്ട മാസമായിരുന്നു മലയാള സിനിമയ്ക്ക്. അതുവെച്ച് നോക്കുമ്പോൾ ഓളം ഉണ്ടാക്കാൻ എമ്പുരാന് കഴിഞ്ഞിട്ടുണ്ട്', സുരേഷ് ഷേണായ് പറഞ്ഞു.
മലയാള സിനിമയുടെ സകല റെക്കോർഡുകളും തിരുത്തിക്കുറിച്ച ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മാർച്ച് 27 ന് റിലീസ് ചെയ്ത സിനിമ നിലവിൽ ആഗോളതലത്തിൽ 250 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ആദ്യദിനം മുതൽ സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. ഈ വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ഈ ചർച്ചകൾ അവസാനിക്കുകയും ചെയ്തു.
Content Highlights: Suresh Shenoy talks about Empuraan collections