'ഈ സിനിമ ഓടുമോ എന്ന സംശയം ഒന്നും എനിക്കില്ല, ഇത് ഓടും'; പ്രത്യേകത വിവരിച്ച് കമൽ ഹാസൻ

"ഒരു ദീപാവലിയ്ക്ക് വാങ്ങിയ ഷര്‍ട്ട് അടുത്ത തവണ വാങ്ങില്ലല്ലോ, സിനിമയും അതുപോലെ ആണ്"

dot image

തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. സിനിമയുടെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ആരാധകർക്ക് ആഘോഷമാക്കാനുള്ളതെല്ലാം സിനിമയിൽ ഉണ്ടാകുമെന്നും എന്നാൽ സ്ഥിരം കാണുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായിരിക്കും ചിത്രമെന്നും പറയുകയാണ് കമൽ ഹാസൻ. കണ്ട് മടുത്ത ശൈലിയിൽ തന്നെ വീണ്ടും വീണ്ടും സിനിമകൾ ചെയ്യാൻ ആവശ്യപ്പെടരുതെന്നും. ഒരു ദീപാവലിക്ക്‌ വാങ്ങിയ അതേ ഷർട്ട് അടുത്ത ദീപാവലിക്ക്‌ വാങ്ങാതിരിക്കുന്നത് പോലെ സിനിമയിലും മാറ്റങ്ങള്‍ സ്വീകരിക്കണമെന്നും കമൽ പറഞ്ഞു. ചെന്നൈയിൽ നടന്ന ഓൾ ഇന്ത്യാ പ്രെസ്സ് മീറ്റ് ചടങ്ങിലാണ് കമൽ ഹാസന്റെ പ്രതികരണം.

'ഈ സിനിമ ഓടുമോ എന്ന സംശയം ഒന്നും എനിക്കില്ല. ഇത് ഓടും. അത്രയും കോൺഫിഡൻസ് എന്താണ് എന്ന് ചോദിച്ചാൽ ഞങ്ങൾക് അറിയാമല്ലോ സിനിമയെക്കുറിച്ച്. ഞങ്ങൾ സിനിമയുടെ ഫാൻസ്‌ ആണ്. വിദേശത്ത് പോയാലും ഞങ്ങൾ സംസാരിക്കുന്നത് സിനിമയെക്കുറിച്ചാണ്. എനിക്ക് ഇത് വ്യാപാരം കൂടിയാണ് പക്ഷെ അതിലുപരി സിനിമ എന്റെ ജീവൻ ആണ്. നിങ്ങൾക്ക് ഈ സിനിമ ഇഷ്ടമാകുമെന്ന പൂർണ വിശ്വാസം എനിക്കുണ്ട്.

തഗ് ലെെഫ് പൂര്‍ത്തിയാക്കിയതിന് ശേഷം പ്രിവ്യു കാണുന്ന സമയത്ത് മണിരത്നം മറ്റാരോ ചെയ്ത് സിനിമയെന്ന നിലയിലാണ് ചിത്രത്തെ നോക്കിക്കാണുക. വിമര്‍ശിക്കുകയും ചെയ്യും. അത്തരത്തില്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നമുക്കും തരും. ഫാൻസിന് എന്തായാലും ഈ സിനിമ ഇഷ്ടമാകും, ഫാൻസിന് മാത്രമല്ല എല്ലാവർക്കും സിനിമ ആസ്വദിക്കാൻ കഴിയും. നിങ്ങൾക്ക് വേണ്ടതെല്ലാം സിനിമയിൽ ഉണ്ടാകും പക്ഷെ വേറെ രീതിയിൽ ആയിരിക്കും. ഈ ദീപാവലിക്ക്‌ വാങ്ങിയ ഷർട്ട് അടുത്ത ദീപാവലിക്ക്‌ നമ്മൾ വാങ്ങില്ലലോ അതുപോലെ കണ്ട സിനിമ തന്നെ വീണ്ടും വീണ്ടും കാണാൻ കഴിയില്ലാലോ. നിങ്ങൾ കണ്ട സിനിമ വീണ്ടും കാണില്ലല്ലോ, അതുപോലെ എടുത്ത സിനിമ വീണ്ടും വീണ്ടും എടുക്കാൻ പറയരുത്,' കമൽ ഹാസൻ പറഞ്ഞു.

ജൂൺ 5 നാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. സിനിമയിലെ ആദ്യ ഗാനം 'ജിങ്കുച്ചാ' പ്രസ് മീറ്റിൽ വെച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എ ആർ റഹ്‌മാൻ ഈണം നൽകിയ ഗാനം പാടിയിരിക്കുന്നത് വൈശാലി സാമന്ത്, ശക്തിശ്രീ ഗോപാലൻ & ആദിത്യ ആർകെ എന്നിവർ ചേർന്നാണ്. മികച്ച സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ഗാനത്തിന് ലഭിക്കുന്നത്.

നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Content Highlights: Kamal Haasan talks about the movie Thug Life

dot image
To advertise here,contact us
dot image