
മലയാള സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷിനാണ് 2007 ഏപ്രിൽ സാക്ഷ്യം വഹിച്ചത്. മമ്മൂട്ടി ചിത്രമായ ബിഗ് ബിയും മോഹൻലാൽ-അൻവർ റഷീദ് കൂട്ടുകെട്ടിലൊരുങ്ങിയ ഛോട്ടാ മുംബൈയും വലിയ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. ഇന്നും ഈ രണ്ട് സിനിമകളെപ്പറ്റിയും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കാറുണ്ട്. ഇപ്പോഴിതാ ഛോട്ടാ മുംബൈയെക്കുറിച്ച് സംവിധായകൻ ഖാലിദ് റഹ്മാൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ബിഗ് ബിയുടെ സെറ്റിൽ ചെന്നപ്പോൾ ഈ സിനിമ മലയാള സിനിമയെ മാറ്റിമറിക്കും എന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിനോട് 'ഞങ്ങൾ ഛോട്ടാ മുംബൈയുടെ പുറകെ ആയിരുന്നു', എന്നായിരുന്നു ഖാലിദിന്റെ മറുപടി. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഖാലിദിന്റെ പ്രതികരണം. സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദും അഭിമുഖത്തിൽ ഖാലിദിനൊപ്പം ഉണ്ടായിരുന്നു. 'ഛോട്ടാ മുംബൈയുടെ സെറ്റ് വളരെ കളർഫുൾ ആയിരുന്നു. അപ്പോൾ അവർ കാർണിവൽ ഷൂട്ട് ചെയ്യുകയായിരുന്നു. നിറയെ ജൂനിയർ ആർട്ടിസ്റ്റുകളും, ബൈക്ക് റേസും, കളർഫുൾ പാട്ടുകളും ഒക്കെ ഉണ്ടായിരുന്നു', ഖാലിദ് റഹ്മാൻ പറഞ്ഞു.
The OG ❤️🔥#chottamumbaipic.twitter.com/xO7GDAPfCj
— Rahul Radhakrishnan (@RahulRadha7644) April 17, 2025
'ബിഗ് ബിയുടെ സെറ്റിൽ അഭിനേതാക്കൾ കോസ്റ്റ്യൂം എല്ലാം ഇട്ട് നടക്കുന്നത് കണ്ടപ്പോൾ തന്നെ ഇത് മലയാള സിനിമയിൽ കാണാത്ത വ്യത്യസ്ത രീതിയായിരിക്കും എന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. ആ സെറ്റിൽ അവർ അപ്പോൾ ഉണ്ടാക്കിയ അന്തരീക്ഷം തന്നെ വ്യത്യസ്തമായിരുന്നു', എന്നാണ് ചിത്രത്തെക്കുറിച്ച് ജിംഷി ഖാലിദ് പറഞ്ഞത്. അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബി മലയാളത്തിലെ ഒരു കൾട്ട് ക്ലാസിക് ചിത്രമായിട്ടാണ് കണക്കാക്കപ്പെടുന്നത്. തിയേറ്ററിൽ വലിയ രീതിയിൽ വിജയിക്കാതെ പോയെങ്കിലും പിൽകാലത്ത് ചിത്രം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു.
അതേസമയം, അൻവർ റഷീദ് ഒരുക്കിയ ഛോട്ടാ മുംബൈ വലിയ വിജയമായിരുന്നു ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ഒരു പക്കാ കളർഫുൾ എന്റർടെയ്നർ ആയി ഒരുങ്ങിയ സിനിമയിൽ ജഗതി ശ്രീകുമാർ, മണിക്കുട്ടൻ, ബിജുക്കുട്ടൻ, സിദ്ധിഖ്, സായ്കുമാർ, കലാഭവൻ മണി എന്നിവരായിരുന്നു പ്രധാന റോളുകളിൽ എത്തിയത്.
Content Highlights: Khalid rahman's Chotta Mumbai referance goes viral