
മിഷ്കിൻ സംവിധാനം ചെയ്ത ഓനായും ആട്ടിൻകുട്ടിയും, ലോകേഷ് കനകരാജിന്റെ മാനഗരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ശ്രീറാം നടരാജന്‍. ചുരുക്കം സിനിമകളിലൂടെ ഏറെ ആരാധകരെയുണ്ടാക്കിയ നടൻ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ഏറെ ചർച്ചയുണ്ടാക്കിയിരുന്നു. ശരീരഭാരം ഏറെ കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകള്‍ ഉന്തിയ നിലയുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഈ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആരാധകർ ആശങ്കകൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
നടൻ ശ്രീറാം വിദഗ്‌ധ ചികിത്സയിലാണെന്നും ഇപ്പോൾ അദ്ദേഹം ഡോക്ടറുടെ ഉപദേശപ്രകാരം സോഷ്യൽ മീഡിയയിൽ നിന്ന് അൽപം അവധിയെടുക്കുകയാണെന്നും ലോകേഷ് കനകരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള റൂമറുകളും സ്ഥിരീകരിക്കാത്ത അപ്‌ഡേറ്റുകളോ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള എല്ലാ മീഡിയ പ്ലാറ്റ്‌ഫോമുകളോടും അഭ്യർത്ഥിക്കുന്നെന്നും ലോകേഷ് കുറിച്ചു.
ലോകേഷ് കനകരാജിന്റെ പോസ്റ്റിന്റെ പൂർണരൂപം :
നടൻ ശ്രീറാം വിദഗ്‌ധ ചികിത്സയിലാണെന്നും ഇപ്പോൾ അദ്ദേഹത്തിൻ്റെ ഡോക്ടറുടെ ഉപദേശപ്രകാരം സോഷ്യൽ മീഡിയയിൽ നിന്ന് അൽപം അവധിയെടുക്കുകയാണെന്നും എല്ലാ അഭ്യുദയകാംക്ഷികളെയും സുഹൃത്തുക്കളെയും മാധ്യമപ്രവർത്തകരെയും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ അവൻ്റെ സ്വകാര്യതയ്ക്കുള്ള ആവശ്യകതയെ മാനിക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും അങ്ങേയറ്റം വേദനാജനകമാണ്, കൂടാതെ അദ്ദേഹത്തിൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള റൂമറുകളും സ്ഥിരീകരിക്കാത്ത അപ്‌ഡേറ്റുകളോ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള എല്ലാ മീഡിയ പ്ലാറ്റ്‌ഫോമുകളോടും അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിൻ്റെ നിലവിലെ അവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ആക്ഷേപകരമായ ഉള്ളടക്കമോ അഭിമുഖങ്ങളോ നീക്കം ചെയ്യാനും തിരിച്ചുവരവിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ സ്വകാര്യ ഇടത്തെ മാനിക്കാനും ഞങ്ങൾ മീഡിയ പ്ലാറ്റ്‌ഫോമുകളോട് അഭ്യർത്ഥിക്കുന്നു. അഭിമുഖങ്ങളിൽ ചില വ്യക്തികൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളൊന്നും ഞങ്ങൾ അംഗീകരിക്കുന്നില്ല, അത് പൂർണ്ണമായും നിഷേധിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ തുടർച്ചയായ സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങൾ നന്ദി പറയുന്നു.
— Lokesh Kanagaraj (@Dir_Lokesh) April 18, 2025
ടെലിവിഷൻ പരമ്പരകളിലൂടെയാണ് ശ്രീറാം നടരാജന്‍ ശ്രദ്ധേയനാകുന്നത്. ബാലാജി ശക്തിവേലിന്‍റെ വഴക്ക് എന്ന് 18/9 എന്ന ചിത്രത്തിലൂടെ ശ്രീറാം തമിഴ് സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുകയും ചെയ്തു. ഓനയും ആട്ടുകുട്ടിയും, സോനേ പപ്ടി, വില്‍ അമ്പു, മാനഗരം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2023 ൽ സംവിധായകൻ യുവരാജ് ദയാലന്റെ 'ഇരുഗപത്രു'വിലാണ് നടൻ അവസാനമായി അഭിനയിച്ചത്. കമൽ ഹാസൻ അവതാരകനായ ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിലും ശ്രീറാം പങ്കെടുത്തിരുന്നു.
Content Highlights: Lokesh kanakaraj gives update about Actor Sri's health