
നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍ സി അലോഷ്യസ് പരാതി നൽകിയ സംഭവത്തിലെ തൻ്റെ പ്രതികരണത്തിൽ വിശദീകരണവുമായി നടി മാല പാർവതി. ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും, വിൻസി യെ തള്ളി പറയുകയും ചെയ്തു എന്ന ആരോപണത്തിലാണ് വിശദീകരണം. എന്നാൽ താൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് മാല പാർവതി പറയുന്നു. ഷൈൻ തന്നോട് എങ്ങനെ ആയിരുന്നു പെരുമാറിയത്, തന്റെ സെറ്റിലെ അനുഭവം എല്ലാം ഈ കോൺടെക്സ്റ്റിൽ പറയാൻ പാടില്ലായിരുന്നെന്നും അത് തനിക്ക് പറ്റിയ പിഴയായി കാണണമെന്നും മാല പാർവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
മാല പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
മാലാ പാർവതി,ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും, വിൻസി യെ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല. കാലത്ത് , ഒന്നിന് പുറമേ ഒന്നായി ഫോൺ കോളുകൾ വരുകയായിരുന്നു. ചോദ്യങ്ങൾക്കാണ് ഞാൻ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈൻ സെറ്റിൽ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാൻ എൻ്റെ അനുഭവം പറഞ്ഞു.
ഈ ഇൻ്റർവ്യൂസിലൊക്കെ, ഷൈൻ കാണിക്കുന്ന കാര്യങ്ങൾ, സെറ്റിൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്. സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റിൽ, ഷോട്ടിൻ്റെ സമയത്തെ പരസ്പരം കാണുവൊള്ളു. ഷോട്ട് കഴിഞ്ഞാൽ ഷൈൻ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികൾ ഞാൻ വിശദമായി, ഈ context - ൽ പറയാൻ പാടില്ലായിരുന്നു, എന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എൻ്റെ സെറ്റിലെ, അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു. അത് അങ്ങനെ ആണെങ്കിലും, അത് അപ്പോൾ പറയരുതായിരുന്നു.
വിൻ സി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാൻ പ്രതികരിച്ചത്. വിൻ സി കേസ് കൊടുക്കുന്നതിൻ്റെ പേരിൽ ഒറ്റപ്പെടാനും പോകുന്നില്ല എന്നും. രണ്ടാമത്തെ വിഷയം - 'കോമഡി' എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാൻ, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള 'കോമഡി' പറയാറുണ്ട്. ഇത് കോമഡിയല്ല കുറ്റകൃത്യമാണ്. അങ്ങനെയാണ് പുതിയ നിയമങ്ങൾ. നമ്മുടെ ചെറുപ്പക്കാർക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഈ ചോദ്യങ്ങൾ ഒക്കെ കോമഡി എന്ന പേരിൽ നോർമലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന്. ഒരു ടെലി ഇന്നിൻ്റെ ലിമിറ്റഡ് സമയത്തിൽ, എനിക്ക് വിശദീകരിക്കാൻ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി. ഞാൻ മനസ്സിലാക്കുന്നു. ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകൾ വായിച്ചു. നന്ദി.'
'ഷൈൻ ടോം ചാക്കോയെക്കുറിച്ച് സോഷ്യൽ മീഡിയയിലൊക്കെ ഇത്തരം ആരോപണങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ എന്റെ അറിവിൽ ഷൈൻ സെറ്റിൽ വളരെ അച്ചടക്കമുള്ള നടനാണ്. നടിയോട് മോശമായി പെരുമാറി എന്നൊക്കെ പറയുന്നത് സിനിമയിൽ കോമഡിയായിട്ടാണ് പലരും കാണുന്നത്. ഇത്തരം കാര്യങ്ങളെ പലരും നോർമലൈസ് ചെയ്യുകയാണ്. പിന്നെ കുട്ടികൾ പരാതി പറഞ്ഞാൽ അനുഭവിക്കുക തന്നെ. വേറെ വഴിയൊന്നുമില്ല, കോമഡിയൊക്കെ വീട്ടിൽ ഇരിക്കും,' എന്നാണ് കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ മാലാ പാർവതി റിപ്പോർട്ടറിനോട് പ്രതികരിച്ചത്.
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്‍റെ പേര് വിൻസി വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ ഇപ്പോൾ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് നൽകുകയായിരുന്നു. 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിൻസി ഫിലിം ചേംബറിന് പരാതി നൽകിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: Mala Parvathi comments on Vincy Aloshious complaint against Shine Tom Chacko