
ആണ്‍കുട്ടികള്‍ കരയുന്നത് സമൂഹത്തില്‍ ഇന്നും ഒരു തരം സ്റ്റിഗ്മയായി തുടരുകയാണെന്ന് ആഭ്യന്തര കുറ്റവാളി ടീം. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് പുരുഷന്മാര്‍ ഇമോഷണലാവുന്നതിനെ കുറിച്ച് അഭിനേതാക്കള്‍ സംസാരിച്ചത്. ആസിഫ് അലി, ജഗദീഷ്, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥന്‍ എന്നിവരായിരുന്നു അഭിമുഖത്തിലുണ്ടായിരുന്നത്.
വളരെ ഇമോഷണലായ ആളാണ് താനെന്നും സങ്കടം വന്നാല്‍ നന്നായി കരയാറുണ്ടെന്ന് ആസിഫ് അലി പറഞ്ഞു. കരയുന്നത് ആണ്‍കുട്ടികള്‍ക്ക് കുറച്ചിലാണെന്നും, പെണ്‍കുട്ടികളെ പോലെ കരയാതിരിക്കൂ എന്നെല്ലാം കേട്ടാണ് താനും വളര്‍ന്നതെന്ന് ആസിഫ് അലി പറഞ്ഞു. എന്നാല്‍ പിന്നീട് ഇതിലൊന്നും വലിയ അര്‍ത്ഥമില്ലെന്ന് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ആണത്തം എന്നാല്‍ കരയാന്‍ പാടില്ല, ഡിപ്പന്‍ഡബിള്‍ ആകാന്‍ പാടില്ല എന്നിങ്ങനെ സമൂഹം പഠിപ്പിച്ചുവെക്കുന്ന കുറെ കാര്യങ്ങളുണ്ട്. കരഞ്ഞാല്‍ ലോലന്‍ എന്നൊക്കെ വിളിച്ച് കളിയാക്കുന്നവരുണ്ട്. പക്ഷെ ഞാന്‍ വളരെ ഇമോഷണലാണ്. പൊട്ടിക്കരഞ്ഞുപോകാറുണ്ട്. മെയ്യഴകന്‍ എന്ന ചിത്രം കണ്ട് ഞാന്‍ കരയുന്നത് കണ്ട് വീട്ടുകാര്‍ പേടിച്ചു പോയിട്ടുണ്ട്,' ആസിഫ് അലി പറഞ്ഞു.
അതേസമയം, വിഷമം മാത്രമല്ല ആളുകളെ ഇമോഷണലാക്കുന്നതും ഈറനണിയിക്കുന്നതും എന്നായിരുന്നു ജഗദീഷിന്റെ വാക്കുകള്‍. 'സങ്കടം വരുമ്പോള്‍ മാത്രമല്ല കരയുന്നത്. സന്തോഷം വരുമ്പോഴും ചിലപ്പോള്‍ കണ്ണ് നിറയും. കാരണം എന്തെന്ന് പോലും അറിയാതെ ചിലപ്പോള്‍ കരച്ചില്‍ വരും. ഉദാഹരണത്തിന്, എന്റെ മക്കളുടെ വിവാഹ ദിവസം അവര്‍ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങാനായി വന്നപ്പോള്‍, അവരെ കൈനീട്ടി അനുഗ്രഹിച്ചപ്പോള്‍ എന്റെ കണ്ണ് നിറയുകയായിരുന്നു. അത് എന്താണെന്ന് ചോദിച്ചാല്‍ എനിക്ക് ഇപ്പോഴും അറിയില്ല. അതൊരു അച്ഛന്റെ വികാരമാണ്,' ജഗദീഷ് പറഞ്ഞു.
അതേസമയം, ആഭ്യന്തര കുറ്റവാളി വൈകാതെ തിയേറ്ററുകളിലെത്തും. സഹദേവന്‍ എന്ന നായക കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. വക്കീല്‍ വേഷത്തിലാണ് ജഗദീഷ് ചിത്രത്തിലെത്തുന്നത്. സേതുനാഥ് പത്മകുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നൈസാം സലീമാണ് നിര്‍മിക്കുന്നത്.
Content Highlights: Asif Ali about men being emotional and crying