ലോകത്ത് ഒന്നാമൻ,പക്ഷെ കേരളത്തിലും ഇന്ത്യയിലും രണ്ടാമത്;കളക്ഷനിൽ എമ്പുരാനെ തോൽപ്പിച്ച 3 മലയാളചിത്രങ്ങൾ

ബോക്‌സ് ഓഫീസിലെ എമ്പുരാന്റെ കുത്തൊഴുക്കിലും ഈ സിനിമകളുടെ സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല.

dot image

മലയാള സിനിമാ കളക്ഷനിലെ സര്‍വകാല റെക്കോര്‍ഡുമായി മുന്നേറുകയാണ് എമ്പുരാന്‍. 325 കോടിയാണ് ചിത്രം ആഗോള ബിസിനസിലൂടെ നേടിയിരിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചത്.

അതേസമയം, വ്യത്യസ്ത റീജിയണുകളിലെ ബോക്‌സ് ഓഫീസുകളില്‍ വ്യത്യസ്തമായ മലയാള സിനിമകളാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബോക്‌സ് ഓഫീസിലെ എമ്പുരാന്റെ കുത്തൊഴുക്കിലും ഇവയുടെ സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല.

കേരളാ ബോക്‌സ് ഓഫീസില്‍ ഇപ്പോഴും കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ളത് 2018 ആണ്. സംസ്ഥാനത്തെ പിടിച്ചുലക്കിയ പ്രളയം പ്രമേയമായി എത്തിയ സിനിമ 89 കോടിയാണ് കേരളത്തില്‍ മാത്രം നേടിയതത്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് എമ്പുരാന്‍. 81 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍. ഇപ്പോഴും എമ്പുരാന്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ ഒരുപക്ഷെ ഈ റെക്കോര്‍ഡില്‍ മാറ്റം വന്നേക്കാം.

കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമ മഞ്ഞുമ്മല്‍ ബോയ്‌സ് ആണ്. റെസ്റ്റ് ഓഫ് ഇന്ത്യയിലും ഇന്ത്യ മുഴുവനായും കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ള മലയാള സിനിമയും മഞ്ഞുമ്മല്‍ ബോയസ് ആണ്. ചിത്രം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 95 കോടി ആയിരുന്നു കളക്ഷന്‍ നേടിയിരുന്നത്. 168 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത്. എമ്പുരാന്‍ 120 കോടിയാണ് ഇതുവരെ ഇന്ത്യയില്‍ നിന്നും സ്വന്തമാക്കിയിട്ടുള്ളത് എന്നാണ് ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളചിത്രവും മഞ്ഞുമ്മല്‍ ബോയ്‌സ് ആണ്. 63 കോടിയാണ് ചിത്രം നേടിയത്. കര്‍ണാടകത്തില്‍ നിന്ന് ചിത്രം 15 കോടിക്ക് മുകളിലും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 14 കോടിക്ക് മുകളിലും നേടിയിരുന്നു.

നോര്‍ത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ നേടിയിരിക്കുന്നത് മാര്‍ക്കോ ആണ്. 13 കോടിയോളമാണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ നിന്നും നേടിയത് എന്നാണ് ട്രാക്കേഴ്‌സിന്റെ റിപ്പോര്‍ട്ട്. എമ്പുരാന് നോര്‍ത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ നേട്ടം കൊയ്യാനായിട്ടില്ല.

അതേസമയം, ഇന്ത്യയ്ക്ക് പുറത്ത് മലയാള സിനിമയ്ക്ക് മാര്‍ക്കറ്റുള്ള പ്രധാന രാജ്യങ്ങളിലെല്ലാം എമ്പുരാനാണ് ഒന്നാം സ്ഥാനത്ത്. ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം കളക്ഷനില്‍ ഏറ്റവും മുന്നിലുള്ള മലയാളചിത്രം എമ്പുരാനാണ്.

Content Highlights: 3 Malayalam films holding first position in different box office records beating Empuraan

dot image
To advertise here,contact us
dot image