ബ്രാഹ്‌മണനായിട്ടും നിങ്ങൾ എങ്ങനെ രണ്ട് തവണ കല്യാണം കഴിച്ചു എന്ന് ബ്രിട്ടാസ് അന്ന് ചോദിച്ചു: കമല്‍ ഹാസന്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അഭിമുഖത്തില്‍ ജോണ്‍‌ ബ്രിട്ടാസിന് കൊടുത്ത മറുപടിയും കമല്‍ ഹാസന്‍ ഓര്‍ത്തെടുത്ത് പറഞ്ഞു

dot image

വിവാഹത്തെ കുറിച്ച് നടൻ കമൽ ഹാസൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തഗ് ലൈഫ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്നു കമൽ ഹാസനോട് വിവാഹത്തെ കുറിച്ച് ചോദ്യമുയർന്നത്.

ഏറെ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം ഓർമപ്പെടുത്തികൊണ്ടായിരുന്നു കമൽ ഹാസൻ ഇതിന് മറുപടി നൽകിയത്.

കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ് നേരത്തെ മാധ്യമപ്രവർത്തകനായിരുന്ന സമയത്ത് നടത്തിയ അഭിമുഖത്തിൽ തന്നോട് വിവാഹത്തെ കുറിച്ച് ചോദിച്ച ഒരു ചോദ്യവും അതിന് നൽകിയ മറുപടിയുമാണ് കമൽ ഹാസൻ ഓർത്തെടുത്തത്.

'ഏകദേശം 10-15 വർഷം മുൻപ് നടന്ന സംഭവമാണ്. എം.പി ജോൺ ബ്രിട്ടാസ് എന്റെ നല്ല സുഹൃത്താണ്. പക്ഷെ അന്ന് അദ്ദേഹം എന്നോട് ചോദിച്ച ചോദ്യം ഇന്നും ഓർമയുണ്ട്. സദസ്സിൽ കോളേജ് വിദ്യാർത്ഥികളായിരുന്നു അധികവും. 'നിങ്ങൾ നല്ലൊരു ബ്രാഹ്‌മണ കുടുംബത്തിൽ നിന്നല്ലേ വരുന്നത് എന്നിട്ടും പിന്നെ എങ്ങനെയാണ് രണ്ട് തവണ വിവാഹം കഴിച്ചത്' എന്നായിരുന്നു ചോദ്യം.

നല്ല കുടുംബവും കല്യാണവും തമ്മിൽ എന്താണ് ബന്ധമെന്ന് ഞാൻ തിരിച്ചുചോദിച്ചു. നിങ്ങൾ രാമനയല്ലേ വണങ്ങുന്നതും പ്രാർത്ഥിക്കുന്നതും അതുകൊണ്ട് ചോദിച്ചതാണ് എന്ന് അദ്ദേഹം തിരിച്ചുപറഞ്ഞു. ഒന്നാമത്തെ കാര്യം ഞാൻ ആരെയും തൊഴാറുമില്ല, ആരാധിക്കാറുമില്ല. ഇനി അങ്ങനെയാണെങ്കിൽ തന്നെ ഞാൻ രാമനെയല്ല, രാമന്റെ അച്ഛനെ(ദശരഥന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു) ആണ് ആരാധിക്കുന്നത് എന്നായിരുന്നു എന്റെ മറുപടി,' കമൽ ഹാസൻ പറഞ്ഞു.

1978ലാണ് കമൽ ഹാസന്റെ ആദ്യ വിവാഹം നടക്കുന്നത്. ക്ലാസിക്കൽ ഡാൻസറായ വാണി ഗണപതിയെ ആയിരുന്നു കമൽ ഹാസൻ വിവാഹം ചെയ്തത്. പത്ത് വർഷങ്ങൾക്ക് ശേഷം ഇരുവരും പിരിഞ്ഞു. പിന്നീട് നടിയും കോസ്റ്റ്യൂം ഡിസൈനറുമായ സരികയെ വിവാഹം ചെയ്തു. 2004ൽ ഈ വിവാഹബന്ധവും വേർപിരിഞ്ഞു. പിന്നീട് നടി ഗൗതമിയുമായി ഡേറ്റിങ്ങിലായിരുന്നു നടൻ. 2016ൽ കമൽ ഹാസനും ഗൗതമിയും വേർപിരിഞ്ഞു. താൻ വിവാഹത്തിന് പറ്റിയ ഒരാളല്ല എന്നാണ് തോന്നുന്നത് എന്നാണ് കമൽ ഹാസൻ ഇതേ കുറിച്ചെല്ലാം പിന്നീട് പറഞ്ഞത്.

അതേസമയം, 37 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. ജൂൺ അഞ്ചിനാണ് സിനിമ തിയേറ്ററിലെത്തുന്നത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Content Highlights: Kamal Haasan about marriage and MP John Brittas's question in an old interview

dot image
To advertise here,contact us
dot image