അൽഫോൺസാണ് എന്റെ ആദ്യ എഡിറ്റർ, വീണ്ടും ഒരുമിച്ച് വർക്ക് ചെയ്യാനായതിൽ സന്തോഷമുണ്ട്: കാർത്തിക് സുബ്ബരാജ്

'നാളൈ ഇയക്കുനര്‍' സമയത്ത് ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് അൽഫോൺസിനൊപ്പമാണ്. ഞങ്ങൾ ഒരുപാട് സിനിമാ ചർച്ചകൾ നടത്തിയിട്ടുണ്ട്

dot image

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കങ്കുവയിലൂടെ സൂര്യയ്ക്ക് ഉണ്ടായ ക്ഷീണം റെട്രോ മാറ്റുമെന്നാണ് പരക്കെയുള്ള സംസാരം. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനിടെ എഡിറ്റർ അൽഫോൺസ് പുത്രനെക്കുറിച്ച് പറയുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. തന്റെ ആദ്യ എഡിറ്റർ അൽഫോൺസ് ആണെന്നും സിനിമക്കളെക്കുറിച്ച് ഒരുപാട് ഡിസ്കഷൻ അദ്ദേഹവുമായി നടത്തിയിട്ടുണ്ടെന്നും കാർത്തിക് പറഞ്ഞു.

'എന്റെ വളരെ അടുത്ത സുഹൃത്താണ് അൽഫോൺസ് പുത്രൻ. 'നാളൈ ഇയക്കുനറിൽ' ഞാൻ ആദ്യമായി ഷോർട്ട് ഫിലിം എടുത്തപ്പോൾ ഞാൻ തന്നെ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യുകയായിരുന്നു. നാളൈ ഇയക്കുനറിൽ എന്നെ സെലക്ട് ചെയ്ത ഷോർട്ട് ഫിലിം ഞാൻ തന്നെയാണ് എഡിറ്റ് ചെയ്തത്. അവിടുന്നാണ് എന്നോട് പറയുന്നത് നിങ്ങൾ പ്രൊഫഷണലായി എഡിറ്ററിനെവെച്ച് ചെയ്യണമെന്ന്. അപ്പോൾ ഞാൻ ആദ്യം ചെന്നത് അൽഫോൺസിന്റെ എടുത്തേക്കാണ്. നാളൈ ഇയക്കുനര്‍ സമയത്ത് ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് അൽഫോൺസിനൊപ്പമാണ്. ഞങ്ങൾ ഒരുപാട് സിനിമാ ചർച്ചകൾ നടത്തിയിട്ടുണ്ട്. പിന്നീട് നേരം, പ്രേമം സിനിമകൾ ചെയ്ത് അൽഫോൺസ് ശ്രദ്ധ നേടി. വീണ്ടും നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്. ഇനിയും ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,' കാർത്തിക് സുബ്ബരാജ് പറയുന്നു.

റെട്രോ സിനിമയുടെ ട്രെയ്‌ലർ കട്ട് ചെയ്തിരിക്കുന്നത് അൽഫോൺസ് പുത്രൻ ആണ്. മരക്കാർ അറബിക്കടലിന്റെ സിംഹം, ഒപ്പം തുടങ്ങിയ മോഹൻലാൽ സിനിമകളുടെ ട്രെയ്‌ലർ കട്ടിന് പിന്നിലും അൽഫോൺസ് ആയിരുന്നു. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് മണിക്കൂർ 48 മിനിട്ടാണ് സിനിമയുടെ നീളം. മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന് അതിരാവിലെ ഷോ ഉണ്ടായിരിക്കില്ല എന്നും ആഗോളതലത്തിൽ ഒരേ സമയമാകും ചിത്രമെത്തുക എന്നുമാണ് റിപ്പോർട്ട്. രാവിലെ ഒമ്പത് മണിക്കായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് ഒടിടി പ്ലേ റപ്പോർട്ട് ചെയ്യുന്നത്.

സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിം​ഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Karthik Subbaraj opens up about Alphonse Puthren

dot image
To advertise here,contact us
dot image