
വിവാദങ്ങൾക്കിടെ ഷൈൻ ടോം ചാക്കോയുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിച്ച് ജി.എം മനു സംവിധാനം നിർവ്വഹിക്കുന്ന 'ദി പ്രൊട്ടക്ടർ' എന്ന സിനിമയുടെ പോസ്റ്റർ ആണ് റിലീസായിരിക്കുന്നത്. 'നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഷൈനിന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടിവന്നുവെന്ന പരാതിയുമായി നടി വിൻ സി രംഗത്തെത്തിയിരുന്നു. 'ലഹരി ഉപയോഗിച്ച പ്രധാന നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായി. അയാള്‍ സെറ്റിലിരുന്ന് വെള്ളപൊടി തുപ്പി. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ല', എന്നായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍. നടന്‍റെ പേര് വിൻ സി വെളിപ്പെടുത്തിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സിനിമാസംഘടനകള്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് ഷെെന്‍ ടോം ചാക്കോയുടെ പേര് പുറത്തുവന്നത്. സംഭവത്തിന് പിന്നാലെ സൂത്രവാക്യത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. വിന്‍ സിയും ഷെെന്‍ ടോം ചാക്കോയും സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. തൃശ്ശൂരിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയത്. കൊച്ചിയിലെ ഹോട്ടലില്‍ നിന്നും ഡാന്‍സാഫ് എത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട സംഭവത്തിലാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുക.
അതേസമയം, തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജോൾ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ദി പ്രൊട്ടക്ടറിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്‍റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീത സംവിധാനം: ജിനോഷ് ആന്‍റണി, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്സൽ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റണ്ട്: മാഫിയ ശശി, നൃത്ത സംവിധാനം: രേഖ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കവനാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കരന്തൂർ, ഗാനരചന: റോബിൻസ് അമ്പാട്ട്, സ്റ്റിൽസ്: ജോഷി അറവക്കൽ, വിതരണം: അമ്പാട്ട് ഫിലിംസ്, ഡിസൈൻ: പ്ലാൻ 3, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
Content Highlights: Shine Tom Chacko new movie poster released