കോമഡി അല്ല ഇത്തവണ ത്രില്ലറാണ്, സെയ്ഫ് അലി ഖാൻ-പ്രിയദർശൻ ഒന്നിക്കുന്നത് മോഹൻലാൽ ചിത്രത്തിന്റെ റീമേക്കിനായോ?

സെയ്ഫ് അലി ഖാനും പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്

dot image

മലയാളത്തിലേത് പോലെ ബോളിവുഡിലും നിരവധി ആരാധകരുള്ള സംവിധായകനാണ് പ്രിയദർശൻ. നിരവധി കോമഡി സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരെ കയ്യിലെടുത്ത അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും ഹിന്ദി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന ഭൂത് ബംഗ്ലാ ആണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന പ്രിയദർശൻ ചിത്രം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അടുത്ത ഹിന്ദി ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

സെയ്ഫ് അലി ഖാനെ നായകനാക്കിയാണ് പ്രിയദർശൻ അടുത്ത സിനിമയൊരുക്കുന്നതെന്ന് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്തു. ചിത്രത്തിൽ ഒരു അന്ധനായിട്ടാണ് സെയ്ഫ് എത്തുന്നത്. ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സെയ്ഫ് അലി ഖാനും പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. ബോബി ഡിയോൾ ആണ് സിനിമയിൽ വില്ലനായി എത്തുന്നതെന്നും വാർത്തകളുണ്ട്. അതേസമയം, പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ഒപ്പം എന്ന സിനിമയുടെ റീമേക്ക് ആണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ മോഹൻലാൽ ഒരു അന്ധനായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. മോഹൻലാലിന്റെ പ്രകടനം നിറയെ പ്രശംസകൾ നേടിയിരുന്നു.

അതേസമയം, അക്ഷയ് കുമാർ ചിത്രം ഭൂത് ബം​ഗ്ലായുടെ ചിത്രീകരണം ഇപ്പോൾ നടക്കുകയാണ്. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത് എന്നാണ് സൂചന. ചിത്രം 2026 ഏപ്രിൽ 2ന് പ്രദർശനത്തിനെത്തും.

Content Highlights: priyadarshan- saif ali khan joining hands for a mohanlal film remake

dot image
To advertise here,contact us
dot image