
അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് 'കേസരി ചാപ്റ്റർ 2'. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. മാധവനും അനന്യ പാണ്ഡെയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. അക്ഷയ് കുമാറിന്റെ ഗംഭീര കംബാക്ക് ആണ് കേസരി 2 എന്നും മികച്ച എഴുത്താണ് സിനിമയുടേതെന്നുമാണ് കമന്റുകൾ. ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
മികച്ച പ്രതികരണങ്ങൾ നേടുന്നതിനോടൊപ്പം കളക്ഷനിലും നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ആദ്യ ദിനം 14 കോടിയാണ് കേസരി 2 ആഗോള തലത്തിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം, ഇന്ത്യയിൽ നിന്നും ചിത്രം 7.75 കോടിയാണ് വാരികൂട്ടിയത്. രണ്ടാം ദിവസവും സിനിമ കളക്ഷനിൽ മുന്നേറുന്നുണ്ട്. 9.50-10 കോടിയ്ക്കടുത്താണ് ചിത്രം നേടിയതെന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ സിനിമയുടെ ഇന്ത്യയിൽ നിന്നുള്ള മൊത്തം കളക്ഷൻ 17.25 കോടിയിൽ അധികമാകും. ചിത്രം വൈകാതെ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. 149.99K ടിക്കറ്റുകളാണ് കേസരി 2 ആദ്യ 24 മണിക്കൂറിൽ വിറ്റഴിച്ചത്. ഇത് അക്ഷയ് കുമാറിന്റെ മുൻ ചിത്രമായ സ്കൈ ഫോഴ്സിനെക്കാൾ കൂടുതലാണ്. ഇതോടെ ആദ്യദിനം കേസരി 2 അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി, വിജയ്‌യുടെ റീ റിലീസ് ചിത്രമായ സച്ചിൻ, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളെ മറികടന്നു. ചിത്രത്തിലെ മാധവന്റെയും അനന്യ പാണ്ഡ്യയുടെ പെർഫോമൻസുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്. ചിത്രം കണ്ടതിന് ശേഷം പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വളരെ കാലത്തിന് ശേഷമാണ് അക്ഷയ് കുമാറിന്റെ ഒരു ഗംഭീര ചിത്രം കാണുന്നതെന്നും ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ഭീകരത വളരെ മികച്ച രീതിയിലാണ് സിനിമ ഒപ്പിയെടുത്തിരിക്കുന്നതെന്നുമാണ് ചിത്രത്തെ കണ്ട പ്രേക്ഷകർ കമന്റ് ചെയ്യുന്നത്.
ധർമ്മ പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരൺ സിംഗ് ത്യാഗിയാണ്. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്സേന, കരൺ സിംഗ് ത്യാഗി ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിക്കുന്നത്.
Content Highlights: Akshay Kumar film Kesari 2 opens good at box office