കളക്ഷനിൽ 100 കോടി കടന്നില്ലെങ്കിലും സണ്ണി ഡിയോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗവുമുണ്ടാവും, അതും വമ്പൻ ബജറ്റിൽ!

ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

dot image

ബോളിവുഡ് സൂപ്പർതാരം സണ്ണി ഡിയോളിനെ നായകനാക്കി തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനി ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ജാട്ട്'. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫീസിലും കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഒന്നാം ഭാഗത്തേക്കാൾ വലിയ ബഡ്ജറ്റിലാകും ഈ സീക്വൽ ഒരുങ്ങുന്നതെന്നാണ് സൂചന. ഗോപിചന്ദ് മലിനേനി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. അതേസമയം, ബോക്സ് ഓഫീസിൽ നിന്ന് 90 കോടി മാത്രമാണ് സിനിമയ്ക്ക് നേടാനായത്. തമന്റെ പശ്ചാത്തല സംഗീതത്തിനും സണ്ണി ഡിയോളിന്റെ പ്രകടനത്തിനും കയ്യടികൾ ലഭിച്ചെങ്കിലും സിനിമയുടെ കഥയും തിരക്കഥയും വലിയ വിമർശനങ്ങൾ ആണ് ഏറ്റുവാങ്ങിയത്. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യെർനേനിയും വൈ രവിശങ്കറും പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടി.ജി.വിശ്വപ്രസാദിനൊപ്പം ചേർന്നാണ് ചിത്രം നിർമിച്ചത്.

രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരാണ് ജാട്ടിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന് നേരെ കഴിഞ്ഞ ദിവസം പഞ്ചാബിലെ ക്രിസ്ത്യന്‍ മത സംഘടനാ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സിനിമയിലെ ഒരു രംഗം മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. തുടർന്ന് വിവാദമായ സീന്‍ മാറ്റിയെന്ന് അറിയിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

'ചിത്രത്തിലെ ഒരു പ്രത്യേക രംഗത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതായി അറിയാന്‍ കഴിഞ്ഞു. അതിനാല്‍ ചിത്രത്തില്‍ നിന്ന് അത് നീക്കം ചെയ്തിട്ടുണ്ട്. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. അങ്ങനെ സംഭവിച്ചതില്‍ ഖേദിക്കുന്നു. സിനിമയില്‍ നിന്ന് ആ രംഗം നീക്കം ചെയ്യാനുള്ള അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. വിശ്വാസം വ്രണപ്പെട്ട എല്ലാവരോടും ഞങ്ങള്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു', എന്നാണ് നിര്‍മാതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

Content Highlights: Sequel to Sunny Deol film Jaat announced

dot image
To advertise here,contact us
dot image