
മരണമാസ്സ് സിനിമയെ അഭിനന്ദിച്ച് തിരക്കഥാകൃത്ത് മുരളി ഗോപി. ഡാർക്ക് ഹ്യൂമറും സ്പൂഫും ഒരു സിനിമയിൽ ഒന്നിച്ച് കൊണ്ടുവരുന്നത് പ്രയാസമാണെന്നും എന്നാൽ ഇത് രണ്ടും വളരെ മികച്ച രീതിയിൽ മരണമാസ്സ് സിനിമയിൽ സംയോജിപ്പിച്ചിട്ടുണെന്നും മുരളി ഗോപി പറഞ്ഞു. സിനിമയുടെ സംവിധായകനായ ശിവപ്രസാദിനെ മുരളി ഗോപി അഭിനന്ദിക്കുകയും ചെയ്തു. ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചാണ് മുരളി ഗോപിയുടെ പ്രതികരണം.
'ഡാർക്ക് ഹ്യൂമറും സ്പൂഫും. സിനിമയിൽ ഏറ്റവും ശ്രമകരമായ രണ്ട് ജനുസ്സുകളാണ് ഇവ. ആദ്യ സംരംഭത്തിൽ തന്നെ ഇവ രണ്ടിന്റെയും ഒരു genre-mix തിരഞ്ഞെടുക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരതയും. “മരണമാസ്സ്” എന്ന ചിത്രത്തിലൂടെ അതിന്റെ സഹരചയിതാവും സംവിധായകനുമായ ശിവപ്രസാദ് ചെയ്തിരിക്കുന്നതും ഇത് തന്നെ. കൂട്ടച്ചിരിയിലേക്കും അടക്കിച്ചിരിയിലേക്കും ഉൾച്ചിരിയിലേക്കും ഒന്നിലേറെ തവണ ഈ സിനിമ ഇതിന്റെ സദസ്സിനെ നയിക്കുന്നുണ്ടെങ്കിൽ അതൊരു വലിയ വിജയം തന്നെയാണെന്ന് ഈ ജനുസ്സിനെ സ്നേഹിക്കുന്നവർക്ക് അറിയാം. അഭിനന്ദനങ്ങൾ,' മുരളി ഗോപി പറഞ്ഞു.
അതേസമയം, തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മരണമാസ്സ്. സിജു സണ്ണിയുടെ കഥയക്ക് ശിവപ്രസാദ് കൂടി ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബേസില്‍ ജോസഫ്, രാജേഷ് മാധവന്‍, അനിഷ്മ, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ.നീരജ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
Content Highlights: Murali Gopi congratulates the film and the director of Maranamass