
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത പുതിയ ചിത്രം ആലപ്പുഴ ജിംഖാന തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ കളക്ഷൻ റിപ്പോർട്ട് വന്നിരിക്കുകയാണ്.
ഏപ്രിൽ 10 ന് റിലീസ് ചെയ്ത സിനിമ ഇതിനകം ആഗോളതലത്തിൽ 56 കോടി നേടിയതായി ആണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ആഭ്യന്തര ബോക്സ് ഓഫീസിൽ നിന്നും 37 കോടി വാരിക്കൂട്ടിയ ചിത്രം 19 കോടി രൂപയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും നേടിയത്. ഇതോടെ ആസിഫ് അലി ചിത്രമായ രേഖാചിത്രത്തിന്റെ കളക്ഷനെ ജിംഖാന മറികടന്നെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്.
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്.
Content Highlights: Alappuzha Gymkhana crosses 50 crores at box office