
വണ്ടര്‍ വുമണിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 'ബാക്ക് സ്റ്റേജ്'. പത്മപ്രിയയും റിമ കല്ലിങ്കലും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിക്കുന്നത്. എന്നാൽ ഇതിനിടെ ചിത്രത്തിലെ ബീഫുമായി ബന്ധപ്പെട്ട സംഭാഷണം മ്യൂട്ട് ചെയ്തത് ചര്‍ച്ചയായിരിക്കുകയാണ്. പ്രസാര്‍ഭാരതിയുടെ ഒടിടി പ്ലാറ്റ്ഫോമായ 'വേവ്സ്'ലാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രസാർഭാരതിയാണ് സംഭാഷണം വെട്ടിയതെന്നാണ് സോഷ്യൽ മീഡിയയിലെ ആരോപണങ്ങൾ.
'പണ്ടത്തെ ഹോട്ടൽ വോൾഗയില്ലേ? അതിപ്പോഴുമുണ്ടോ. അവിടുത്തെ ബീഫും പൊറോട്ടയും ഇപ്പോഴും കിട്ടോ.. ഞങ്ങൾക്കെല്ലാവര്‍ക്കും അവിടുത്തെ ബീഫും പൊറോട്ടയും എത്തിച്ചുതരാൻ പറ്റുമോ? എന്നാൽ ഒരു പ്ലേറ്റ് ആ ഗൗരിദേവിക്ക് കൂടി മേടിച്ചോ' എന്ന റിമ കല്ലിങ്കൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സംഭാഷണത്തിൽ നിന്നാണ് ബീഫിനെ മ്യൂട്ട് ചെയ്തിരിക്കുന്നത്. അതേസമയം, സംവിധായിക അഞ്ജലി മേനോൻ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
മലയാള സിനിമയിൽ ഇതാദ്യമായല്ല ബീഫിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാകുന്നത്. 2017ൽ പുറത്തിറങ്ങിയ ബേസിൽ ജോസഫ്-ടൊവിനോ തോമസ് ചിത്രം ഗോദയും ചിലരെ ചൊടിപ്പിച്ചിരുന്നു. ബീഫും മലയാളിയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് ടൊവിനോയുടെ കഥാപാത്രം വിവരിക്കുന്നത് ഹിറ്റായിരുന്നു. എന്നാൽ ചിത്രം ഹിന്ദിയിലേക്ക് മൊഴി മാറ്റിയപ്പോൾ ബീഫ് റോസ്റ്റിന് പകരം മട്ടൺ റോസ്റ്റെന്നായിരുന്നു പറഞ്ഞത്. 2022ൽ പുറത്തിറങ്ങിയ 'ഹൃദയം' എന്ന ചിത്രത്തിലെ ബീഫ് രംഗത്തിന്‍റെ പേരിൽ നടൻ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണമുയര്‍ന്നിരുന്നു. ഹൃദയത്തിലെ 'നഗുമോ' എന്ന ഗാനരംഗത്തിൽ കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും ബീഫ് കഴിക്കുന്നത് കാണിക്കുന്നതിന് പവിത്രമായ തെലുങ്ക് രാമ സങ്കീർത്തനം പശ്ചാത്തലമായി ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത എന്താണെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.
Content Highlights: Prasarbharati mutes beef reference from Anjali Menon film