
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ നടി വാണി കപൂറും പാകിസ്താൻ നടൻ ഫവാദ് ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്ന അബീർ ഗുലാൽ എന്ന ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനം ശക്തമാകുന്നു. ചിത്രവും അതിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ബഹിഷ്‌കരിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആഹ്വാനങ്ങൾ ഉയരുന്നത്.
ആരതി എസ് ബാഗ്ദി സംവിധാനം ചെയ്യുന്ന അബിർ ഗുലാൽ മെയ് 9 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ഇന്ത്യ-പാക് പ്രണയകഥയാണ് ഈ റൊമാന്റിക് ഡ്രാമയില്‍ പറയുന്നത് എന്നാണ് സൂചന. പ്രഖ്യാപനം മുതൽ ഈ ചിത്രം വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ചിത്രം റിലീസ് ഷെഡ്യൂളിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യവും ശക്തമാണ്. അതേ സമയം, ഫവാദ് ഖാന്‍ അഭിനയിച്ച ബോളിവുഡ് പടത്തിന് മുന്‍പും സമാനമായ പ്രതിഷേധം നേരിടേണ്ടി വന്നിട്ടുണ്ട്. 2016-ൽ കരൺ ജോഹറിന്റെ 'ഏ ദിൽ ഹേ മുഷ്കിൽ' എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു അന്ന് വിവാദം. 2016 സെപ്റ്റംബർ 18 ഉറിയിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ആ ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് പാകിസ്താൻ കലാകാരന്മാർക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇന്നലെയായിരുന്നു പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മലയാളി ഉള്‍പ്പെടെ 28 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.
Content Highlights: Boycott calls against Fawad Khan and Vaani kapoor film