'ഓകെ കൺമണി'യുടെ തെലുങ്ക് പതിപ്പിൽ ദുൽഖറിന് ശബ്‍ദം നൽകിയത് ഞാനാണ്'; നാനി

ദുൽഖർ ഇപ്പോൾ പകുതി തെലുങ്ക് നടനാണ്, തെലുങ്ക് ഇൻഡസ്ട്രിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് ഇഷ്ടമാണ്'

dot image

മലയാളത്തിനപ്പുറം അന്യഭാഷ ചിത്രങ്ങളിലൂടെ ആരാധകരെ നേടിയ നടനാണ് ദുൽഖർ സൽമാൻ. ലക്കി ഭാസ്കർ സിനിമയുടെ വിജയത്തോടെ തെലുങ്കിൽ ശക്തമായ അടിത്തറയുണ്ടാക്കാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. തെലുങ്ക് ഇൻഡസ്ട്രിയെ ദുൽഖറിന് ഇഷ്ടമാണെന്നും അവിടെ സൗഹൃദങ്ങൾ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ടെന്നും പറയുകയാണ് നാനി. ഹിറ്റ് 3 സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന അഭിമുഖത്തിലാണ് നാനിയുടെ പ്രതികരണം. മണിരത്‌നം സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ഓ കാതൽ കണ്മണി എന്ന സിനിമയിൽ ദുൽഖറിന് വേണ്ടി തെലുങ്കിൽ ഡബ്ബ് ചെയ്തിരുന്നത് താനാണെന്നും ഒരു തെലുങ്ക് സിനിമയിൽ ദുൽഖറിനൊപ്പം ജോലിചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാനി പറഞ്ഞു.

'ദുൽഖർ ഇപ്പോൾ പകുതി തെലുങ്ക് നടനാണ്. സീതാരാമം, ലക്കിഭാസ്കർ തുടങ്ങിയ സിനിമകളിലൂടെ ഇവിടുത്തെ പ്രേക്ഷകർ അദ്ദേഹത്തെ സ്വീകരിച്ചു. തെലുങ്ക് ഇൻഡസ്ട്രിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് ഇഷ്ടമാണ്, കൂടാതെ മികച്ച സുഹൃത്തുക്കളെയും അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിജയത്തിൽ ഞാൻ ശരിക്കും സന്തോഷിക്കുന്നു. എന്റെ ഏതെങ്കിലും സിനിമയുടെ ട്രെയ്ലർ വരുമ്പോൾ അദ്ദേഹം അത് ഷെയർ ചെയ്യാറുണ്ട്, അഭിപ്രായം പറയാറുണ്ട്. പരസ്പരം അഭിനന്ദിക്കുന്നതിലൂടെ ഇൻഡസ്ട്രി ആണ് മെച്ചപ്പെടുന്നത്,' നാനി പറഞ്ഞു.

ഒരു തെലുങ്ക് സിനിമയിൽ ദുൽഖറിനൊപ്പം വർക്ക് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓകെ കൺമണിയുടെ തെലുങ്ക് വേർഷനിൽ അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്തത് ഞാനായിരുന്നു. അദ്ദേഹത്തിന്റെ വർക്കുകൾ ഇഷ്ടമാണെന്നും നാനി കൂട്ടിച്ചേർത്തു.അതേസമയം നാനിയുടെ ഹിറ്റ് 3 മെയ് ഒന്നിനാണ് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights:  Nani says that he is gave voice to Dulquer in the Telugu version of 'OK Kanmani'

dot image
To advertise here,contact us
dot image