ആരുടെയെങ്കിലും ഭാര്യയോ കാമുകിയോ ആയി മാത്രമാണ് ഇതുവരെ അഭിനയിച്ചത്: പത്മപ്രിയ

'ഈ സിനിമ പൂർണമായും സൗഹൃദത്തെക്കുറിച്ചാണ് പറയുന്നത്, ഫീമെയിൽ സൗഹൃദം'

dot image

ണ്ടര്‍ വുമണിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് 'ബാക്ക് സ്റ്റേജ്'. പത്മപ്രിയയും റിമ കല്ലിങ്കലും ആണ് ഹ്രസ്വ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ഇതുവരെയുള്ള തന്റെ സിനിമാ കരിയറിൽ ആരുടെയെങ്കിലും ഭാര്യയോ കാമുകിയോ ആയി മാത്രമാണ് അഭിനയിച്ചതെന്ന് പറയുകയാണ് പത്മപ്രിയ. സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധത്തെ എക്‌സ്‌പ്ലോർ ചെയുന്ന സിനിമ ഇതുവരെ ലഭിച്ചിരുന്നില്ലെന്നും ബാക്ക് സ്റ്റേജിലൂടെ ആ വിഷമം നികത്തിയെന്നും പത്മപ്രിയ പറഞ്ഞു. സിനിമാപ്രാന്തന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാൻ ഇതുവരെ സൗഹൃദത്തെക്കുറിച്ച് പറയുന്ന കഥാപാത്രം ചെയ്തിട്ടില്ല. ആരുടെയെങ്കിലും ഭാര്യയോ കാമുകിയോയായ വേഷങ്ങളിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധത്തെ എക്‌സ്‌പ്ലോർ ചെയ്യുന്ന സിനിമ ലഭിച്ചിട്ടില്ല. നിമിഷയുടെ കൂടെ ചെയ്ത ഒരു തെക്കൻ തല്ലുകേസ് എന്ന സിനിമയിൽ കുറച്ചൊക്കെ സഹോദരബന്ധത്തെ കുറിച്ച് പറയുന്നതായിരുന്നു. എന്നാൽ ബാക്ക് സ്റ്റേജ് എന്ന സിനിമയിൽ അങ്ങനെയല്ല. ഇത് പൂർണമായും സൗഹൃദത്തെക്കുറിച്ചാണ്, ഫീമെയിൽ സൗഹൃദത്തെക്കുറിച്ചാണ് പറയുന്നത്. ഇത് ശരിക്കും മികച്ചൊരു കാര്യമായിരുന്നു,'പത്മപ്രിയ പറഞ്ഞു.

വ്യത്യസ്ത നഗരങ്ങളുടെ പശ്ചാത്തലത്തിൽ എട്ട് കഥകൾ ഉൾപ്പെടുത്തിയ 'യുവ സപ്നോ കാ സഫർ' എന്ന ആന്തോളജിയിലെ ചിത്രമാണ് 'ബാക്ക് സ്റ്റേജ്'. 45 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കൈകാര്യം ചെയുന്ന പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടുന്നുണ്ട്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം ആറ് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വേവ്സ് ഒ.ടി.ടിയിലാണ് ബാക്ക് സ്റ്റേജ് സ്ട്രീം ചെയ്യുന്നത്. സിനിമാ മേഖലയിൽ നിന്ന് തന്നെ ഒട്ടേറെ പേരാണ് ചിത്രത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുള്ളത്.

Content Highlights: Padmapriya says she has only acted as someone's wife or girlfriend in films

dot image
To advertise here,contact us
dot image