
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ഏപ്രിൽ 17ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് പിന്നീട് നീട്ടിവെക്കുകയായിരുന്നു. സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു സിനിമയുടെ റിലീസ് നീട്ടിയത്. ഇപ്പോഴിതാ വിഷയത്തിൽ വിശദീകരണവുമായി എത്തുകയാണ് സംവിധായകൻ സേതുനാഥ് പദ്മകുമാർ, നായകനായ ആസിഫ് അലി, നിർമാതാവ് നൈസാം സലാം എന്നിവർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം.
പ്ലാൻ ചെയ്തിരുന്നതുപോലെ ഏപ്രിൽ 17-നുതന്നെ ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലെത്തും എന്നായിരുന്നു പ്രതീക്ഷ. അതനുസരിച്ച് പ്രചാരണ പരിപാടികളും നടത്തിയിരുന്നു. തീരെ പ്രതീക്ഷിക്കാത്ത രീതിയിലാണ് സിനിമയേക്കുറിച്ച് കുറേ ആരോപണങ്ങൾ വന്നത്. ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംവിധായകൻ സേതുനാഥ് പദ്മകുമാർ പറഞ്ഞു. നിർമാതാവ് നൈസാം സലാമോ ക്രൂവിലെ മറ്റാരെങ്കിലുമോ ആരോപണമുന്നയിക്കുന്ന ആളുടെ കയ്യിൽനിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് ഈ സത്യം കോടതിയിൽ തെളിയിക്കാൻപറ്റുമെന്ന് ഉറപ്പുമുണ്ടെന്നും സേതുനാഥ് പറഞ്ഞു. ആരോപണങ്ങളിൽ വിഷമമുണ്ടെന്ന് ആസിഫ് അലിയും കൂട്ടിച്ചേർത്തു.
വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എത്രയുംപെട്ടെന്ന് അനുകൂല വിധി ഉണ്ടായി അടുത്തമാസം സിനിമ പ്രദർശനത്തിനെത്തിക്കാൻ പറ്റുമെന്നാണ് കരുതുന്നതെന്നും നിർമാതാവ് നൈസാം സലാം പ്രതികരിച്ചു. ആരോപണം ഉന്നയിക്കുന്നയാളെ ഇന്നേവരെ കണ്ടിട്ടില്ല. ബ്ലാക്ക് മെയിലിങ് പോലെ തന്നെയാണ് ഇപ്പോൾ നടക്കുന്നത്. കാശ് കൊടുത്ത് ഒത്തുതീർപ്പാക്കണമെന്നാണ് പറയുന്നത്. വാങ്ങാത്ത കാശ് തിരിച്ച് കൊടുക്കണമെന്ന് പറയുമ്പോൾ അതിനെ ബ്ലാക്ക് മെയിലിങ് എന്നേ പറയാൻ പറ്റൂ എന്നും നൈസാം സലാം പറഞ്ഞു.
കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈയ്നർ ജോണറിൽ ഒരുങ്ങുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സേതുനാഥ് പത്മകുമാർ ആണ്. ഇന്ത്യയിലെ തിയേറ്റർ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത് ഫാർസ് ഫിലിംസും ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയത്. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ്.
Content Highlights: Team reacts to delay in release of Aabhyanthara Kuttavaali