തുടരും പ്രമോഷന് എന്തുകൊണ്ട് മോഹൻലാൽ-ശോഭന കോംബോയെ ഉപയോഗിക്കുന്നില്ല? മറുപടിയുമായി തരുൺ മൂർത്തി

'ഇപ്പോൾ സിനിമയുടെ പിന്നണി പ്രവർത്തകരാണ് സംസാരിക്കേണ്ടത്. സിനിമയുടെ റിലീസിന് ശേഷം മുന്നണി പ്രവർത്തകർ സംസാരിക്കും'

dot image

മോഹൻലാൽ-ശോഭന കോംബോ പ്രധാന കഥാപാത്രങ്ങളായെത്തുന്ന തരുൺ മൂർത്തി ചിത്രമാണ് തുടരും. സിനിമാപ്രേമികൾ വലിയ പ്രതീക്ഷ നൽകിയിരിക്കുന്ന സിനിമയുടെ ഭാഗമായി നടക്കുന്ന അഭിമുഖങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ഈ അഭിമുഖങ്ങളിൽ മോഹൻലാലും ശോഭനയും എന്തുകൊണ്ട് ഭാഗമാകുന്നില്ല എന്നതിന് മറുപടി നൽകിയിരിക്കുകയാണ് തരുൺ ഇപ്പോൾ. മോഹൻലാൽ-ശോഭന കോംബോയുടെ കെമിസ്ട്രിയും മാജിക്കും കാണേണ്ടത് തിയേറ്ററിൽ ആണെന്നും സിനിമയുടെ റിലീസിന് ശേഷം അഭിനേതാക്കൾ സംസാരിക്കുമെന്നുമാണ് തരുൺ പറയുന്നത്.

'ഇപ്പോൾ ഇവിടെ ലാലേട്ടനെയും ശോഭന മാഡത്തെയുമാണ് കൊണ്ടുവന്ന് ഇരുത്തുന്നതെങ്കിൽ നിങ്ങൾക്ക് സിനിമയിൽ പിന്നെ എന്താണ് കാണാനുള്ളത്. ഇപ്പോൾ നിങ്ങൾക്ക് ഒരു ആഗ്രഹമുണ്ട് ലാലേട്ടനെയും ശോഭന മാഡത്തെയും സിനിമയിൽ കാണണം, അവർ എന്താണ് ചെയ്യുന്നത് എന്ന് കാത്തിരിക്കുകയാണ് എല്ലാവരും. അവർക്ക് ഒരു കെമിസ്ട്രിയുണ്ട്, ഒരു ഓറയുണ്ട്. ആ കെമിസ്ട്രി കണ്ടു ആസ്വദിക്കേണ്ടത് തിയേറ്ററിലാണ്. റിലീസിന് ശേഷം ചിലപ്പോൾ നമ്മൾ ലാലേട്ടനെയും ശോഭന മാഡത്തെയും കൊണ്ടുവരുമായിരിക്കും. മറ്റുള്ളവർ എന്തും പറയട്ടെ. ഇപ്പോൾ സിനിമയുടെ പിന്നണി പ്രവർത്തകരാണ് സംസാരിക്കേണ്ടത്. സിനിമയുടെ റിലീസിന് ശേഷം മുന്നണി പ്രവർത്തകർ സംസാരിക്കും. നിലവിൽ ക്ലിക്ക് ബൈറ്റുകൾക്ക് വേണ്ടി അവരെ ഞങ്ങൾ ഉപയോഗിക്കില്ല,' എന്ന് തരുൺ മൂർത്തി പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായെത്തിയത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

ഏപ്രിൽ 25 ന് രാവിലെ 10 മണിക്കാണ് സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതും. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ്മ മുഹൂർത്തങ്ങള്‍ക്കും ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവച്ചാണ് സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്.

Content Highlights: Tharun Moorthy talks about why Mohanlal-Sobhana combo is not being used for promotion of Thudarum

dot image
To advertise here,contact us
dot image