
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്. ഇപ്പോഴിതാ റിലീസിന് തലേദിവസം ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. മലയാളികൾ കണ്ടു വളർന്ന ആ ജനപ്രിയ കൂട്ടുകെട്ടിനെ വീണ്ടും തിരശ്ശീലയിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും തരുൺ മൂർത്തി കുറിച്ചു. ഇഷ്ടമായാൽ നിങ്ങൾ മറ്റുള്ളവരോട് ഈ സിനിമ കാണാൻ പറയും എന്ന വിശ്വാസത്തിൽ തുടരുമിനെ പ്രേക്ഷകരിലേക്ക് ഏൽപ്പിക്കുകയാണെന്നും തരുൺ മൂർത്തി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
പ്രിയപ്പെട്ടവരെ...
തുടരും എന്ന നമ്മുടെ ചിത്രം നാളെ മുതൽ നിങ്ങളുടെ അടുത്തുള്ള പ്രദർശന ശാലകളിലേക്ക് എത്തുകയാണ്. ഈ മൂന്നാമൂഴത്തിൽ എൻ്റെ സിനിമാ യാത്രയ്ക്ക് കൂട്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളായ മോഹൻലാൽ സാറും, ശോഭന മാമും കൂടെയുണ്ട് എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം.
മലയാളികൾ കണ്ടു വളർന്ന ആ ജനപ്രിയ കൂട്ടുകെട്ടിനെ വീണ്ടും തിരശ്ശീലയിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്, നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിലേക്ക് ഈ സിനിമ കാണാൻ എല്ലാവരും എത്തും എന്ന പ്രതീക്ഷയിൽ, അതിലുപരി സിനിമ ഇഷ്ടമായാൽ നിങ്ങൾ മറ്റുള്ളവരോട് ഈ സിനിമ കാണാൻ പറയും എന്ന വിശ്വാസത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഞങ്ങൾ ഒരുമിച്ചു കണ്ട, മെനെഞ്ഞെടുത്ത ഞങ്ങളുടെ സ്വപ്നം നിങ്ങളെ ഏൽപ്പിക്കുകയാണ്.
പേരെടുത്ത പറയണ്ട ഒരുപാട് പേരുകൾ ഉണ്ട് എനിക്ക് ഒപ്പം ഈ സിനിമയ്ക്ക് വേണ്ടി രാപ്പകൽ മനസ് കൊണ്ടും ശരീരം കൊണ്ടും പണി എടുത്തവർ, സ്നേഹിച്ചവർ, കരുതലായി നിന്നവർ. പക്ഷേ മൂന്നു പേരുകൾ പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാൻ പറ്റില്ല. സുനിലേട്ടാ, രഞ്ജിത്തേട്ടാ, ലാലേട്ടാ ഒരു പക്ഷേ എന്നേക്കാളും/ഞങ്ങളെക്കാളും മുൻപ് ഒരുപാട് കാലമായി ഈ സിനിമ സ്വപ്നം കണ്ടത് നിങ്ങളാണ്.
ഇത്ര കാലം നിങ്ങൾ ഈ സിനിമയോട് നല്കിയ സ്നേഹത്തിന് പ്രതിഫലമായി സിനിമ നിങ്ങളെ, നമ്മളെ സ്നേഹിക്കുന്ന ദിനങ്ങൾക്കായി സ്നേഹത്തോടെ നമുക്ക് തുടരാം. അല്ല തുടരണം.
എന്ന് സ്വന്തം
തരുൺ മൂർത്തി
സിനിമ ഇതിനകം രണ്ട് കോടിക്ക് മുകളിൽ പ്രീ സെയ്ൽസ് നേടിയതായാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ആദ്യ ഒരു മണിക്കൂറിനുള്ളിൽ തന്നെ തന്നെ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ 8000 ടിക്കറ്റുകളാണ് വിറ്റുപോയത്. അടുത്ത ഒരു മണിക്കൂറിൽ അത് 10,000 ടിക്കറ്റുകള്‍ എന്ന നിലയിൽ ഉയർന്നു. ചിത്രം ഇപ്പോൾ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായി തുടരുകയാണ്.
ഏപ്രിൽ 25 ന് രാവിലെ 10 മണിക്കാണ് സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതും. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ്മ മുഹൂർത്തങ്ങള്‍ക്കും ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്.
കെ ആർ സുനിലിൻറെ കഥയ്ക്ക് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.
Content Highlights: Director Tharun Moorthy pens down a heartfelt note before Thudarum release