
എമ്പുരാന്റെ റെക്കോർഡ് വിജയത്തിന് ശേഷം മറ്റൊരു മോഹൻലാൽ ചിത്രം റിലീസിന് ഒരുങ്ങുകയാണ്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ ഇതിനകം രണ്ട് കോടിക്ക് മുകളിൽ പ്രീ സെയ്ൽസ് നേടിയതായാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്.
#Thudarum ₹2 crore plus OD sales. 👏 Continues to hold strong momentum in hourly ticket sales. Gearing up for the final throttle. 🔥 pic.twitter.com/MPD5KKzIFG
— Forum Reelz (@ForumReelz) April 24, 2025
അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ആദ്യ ഒരു മണിക്കൂറിനുള്ളിൽ തന്നെ തന്നെ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ 8000 ടിക്കറ്റുകളാണ് വിറ്റുപോയത്. അടുത്ത ഒരു മണിക്കൂറിൽ അത് 10,000 ടിക്കറ്റുകള്‍ എന്ന നിലയിൽ ഉയർന്നു. ചിത്രം ഇപ്പോൾ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായി തുടരുകയാണ്.
ഏപ്രിൽ 25 ന് രാവിലെ 10 മണിക്കാണ് സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതും. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ്മ മുഹൂർത്തങ്ങള്‍ക്കും ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്.
കെ ആർ സുനിലിൻറെ കഥയ്ക്ക് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.
ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ് എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ.
Content Highlights: Thudarum movie pre sales crossed 2 crores