മൂന്നര മിനിറ്റ് ആഘോഷത്തിന് റെഡിയാണോ? തുടരും പ്രൊമോ സോങ് സെൻസറിങ് കഴിഞ്ഞു

ഗാനം സിനിമയിൽ ഉണ്ടാകില്ല എന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം

dot image

മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും എന്ന സിനിമയിലെ പ്രൊമോ ഗാനം സംബന്ധിച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ ഓൾ ടൈം ഹിറ്റുകളിൽ ഒന്നായ 'വേൽമുരുകാ…' പോലൊരു ഫാസ്റ്റ് ഗാനം തുടരും എന്ന ചിത്രത്തിലുണ്ടാകും എന്ന് ഗായകൻ എം ജി ശ്രീകുമാർ പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആരാധകർ ഗാനത്തിന്റെ ആവേശത്തിലുമാണ്. ഇപ്പോഴിതാ ആ ഗാനത്തിന്റെ സെൻസറിങ് പൂർത്തിയായതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

തുടരും പ്രൊമോ സോങ്ങിന് യു സർട്ടിഫിക്കറ്റ് ലഭിച്ചതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗാനത്തിന് മൂന്ന് മിനിറ്റ് 35 സെക്കന്റ് ദൈർഘ്യമുണ്ടാകുമെന്നാണ് സൂചന. ഈ ഗാനം സിനിമയിൽ ഉണ്ടാകില്ല എന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

അതേസമയം തുടരും നാളെ റിലീസ് ചെയ്യുകയാണ്. രാവിലെ 10 മണിക്കാണ് സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതും. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ്മ മുഹൂർത്തങ്ങള്‍ക്കും ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശോഭനയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ജോഡികളായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

Content Highlights: Thudarum promo song censoring completed

dot image
To advertise here,contact us
dot image