അന്ന് പരസ്യത്തിലൂടെ ഞെട്ടിച്ചു, ഇന്ന് ജോർജ് സാറായി വെള്ളിത്തിരയിലും; 'തുടരു'മിൽ കൈയ്യടി നേടി പ്രകാശ് വർമ്മ

ലോകപ്രശസ്തമായ നിരവധി പരസ്യ ചിത്രങ്ങൾക്ക് ഒടുവിലാണ് തരുൺ മൂർത്തിയുടെ ചിത്രത്തിലൂടെ പ്രകാശ് അഭിനയ രംഗത്തേക്ക് എത്തുന്നത്.

dot image

റിലീസിന് പിന്നാലെ ഗംഭീര അഭിപ്രായമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ തുടരും സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിന് പിന്നാലെ ടിക്കറ്റ് ബുക്കിങ് കുതിച്ചുകയറുകയാണ്. ഒരു മോഹൻലാൽ സിനിമയിൽ പ്രതീക്ഷിക്കുന്നതെല്ലാം തുടരും സിനിമയിൽ നിന്ന് ലഭിക്കുന്നുണ്ടെന്നാണ് കണ്ടിറങ്ങിയവർ പറയുന്നത്. അതേസമയം ചിത്രം കണ്ടിറങ്ങിയവരിൽ പലരും സിഐ ജോർജ് സാറായി അഭിനയിച്ച നടനെ കുറിച്ച് മികച്ച അഭിപ്രായമാണ് പങ്കുവെക്കുന്നത്.

ഇതുവരെ കാണാത്ത ഒരു നടൻ ചിത്രത്തിന്റെ എല്ലാ മൂഡിനോടും ചേർന്ന നിലയിൽ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മോഹൻലാലിന് ഒപ്പം തോളോടു തോൾ ചേർന്നുള്ള ഈ പ്രകടനം കണ്ട് പലരും ആരാണ് ഈ നടൻ എന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു.


അഭിനയരംഗത്ത് പുതിയ ആളാണെങ്കിലും നിരവധി പരസ്യചിത്രങ്ങളിലൂടെ ഞെട്ടിച്ച പരസ്യസംവിധായകൻ പ്രകാശ് വർമ്മയാണ് ചിത്രത്തിൽ സിഐ ജോർജ് ആയി എത്തിയത്. അഭിനയത്തിൽ ഞെട്ടിച്ച പ്രകാശ് വർമ്മയുടെ ജോര്‍ജ് സാര്‍ തുടരും സിനിമയിൽ ഉടനീളമുള്ള കഥാപാത്രം കൂടിയാണ്. ഒരു പുതുമുഖം ആയിട്ട് കൂടി പ്രേക്ഷകരെ ഞെട്ടിക്കാൻ 'സി ഐ ജോർജ് സാറിന്' സാധിച്ചുവെന്നാണ് സിനിമ ആസ്വാദകർ പറയുന്നത്.

ലോകപ്രശസ്തമായ നിരവധി പരസ്യ ചിത്രങ്ങൾക്ക് ഒടുവിലാണ് തരുൺ മൂർത്തിയുടെ ചിത്രത്തിലൂടെ പ്രകാശ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഷാരുഖ് ഖാന്റെ പ്രശസ്തമായ ദുബായ് ടൂറിസം പരസ്യം, മുമ്പ് ഹച്ച് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വോഡാഫോണിന്റെ പഗ്ഗ് ഡോഗും കുട്ടിയുമുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ പരസ്യം, ഏറെ ഹിറ്റായ സൂസു പരസ്യങ്ങൾ, കേരള ടൂറിസത്തിന്റെ വിവിധ പരസ്യങ്ങൾ, നൻപകൽ നേരത്ത് മയക്കം എന്ന സിനിമക്ക് പ്രചോദനമായ ഗ്രീൻ പ്ലൈയുടെ പരസ്യം തുടങ്ങി നിരവധി ലോകപ്രശസ്ത പരസ്യങ്ങൾ പ്രകാശിന്റെതായി പുറത്തുവന്നിട്ടുണ്ട്.

2001 മുതൽ പരസ്യരംഗത്ത് ഉള്ള പ്രകാശ് വർമ്മ ലോഹിതദാസ്, വിജി തമ്പി തുടങ്ങിയവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് വി കെ പ്രകാശിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് പരസ്യമേഖലയിലേക്ക് എത്തുന്നത്.


ബാംഗ്ലൂർ ആസ്ഥാനമായുള്ള 'നിർവാണ' എന്ന പരസ്യചിത്ര സ്ഥാപനത്തിന്റെ സ്ഥാപക ഉടമകളിൽ ഒരാളാണിപ്പോൾ പ്രകാശ്. പരസ്യരംഗത്ത് തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് ഇപ്പോൾ അഭിനയത്തിലും പ്രകാശ് കൈ വെക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിപ്രായമാണ് പ്രകാശ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ ഭാവിയിലേക്ക് തന്നെ മികച്ച സംഭാവനകൾ നൽകാൻ പ്രകാശ് വർമ്മയ്ക്ക് കഴിഞ്ഞേക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ സിനിമയ്ക്ക് പിന്നാലെ വരുന്ന അഭിപ്രായപ്രകടനങ്ങൾ.


Content Highlights: Famous ad director Prakash Varma act in Mohanlal's new movie Thudarum as CI George

,

dot image
To advertise here,contact us
dot image