
വലുതും ചെറുതുമായ നിരവധി സിനിമകൾ റിലീസിനൊരുങ്ങുന്ന ഫെസ്റ്റിവൽ സീസൺ ആണ് ഓണം. സൂപ്പർസ്റ്റാറുകളുടേത് ഉൾപ്പെടെയുള്ള സിനിമകൾ അപ്പോൾ കളം നിറയ്ക്കാൻ തിയേറ്ററിലുണ്ടാക്കും. ഇത്തവണത്തെ ഓണക്കാലവും അത്തരമൊരു ക്ലാഷിന് തയ്യാറെടുക്കുകയാണ്. നാല് സിനിമകളാണ് ഇത്തവണ ഓണത്തിന് റിലീസിനൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂർവ്വം' ഓണം റിലീസായി എത്തിക്കാനാണ് പദ്ധതി. സിനിമയുടെ ചിത്രീകരണം ആരംഭിച്ച് 42 ദിവസം പിന്നിട്ടിരിക്കുകയാണ്. ഒരു ഫാമിലി ഡ്രാമ സിനിമയാണ് ഇതെന്നാണ് സൂചന. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. എമ്പുരാൻ, തുടരും എന്നീ വിജയചിത്രങ്ങൾ കഴിഞ്ഞ് എത്തുന്ന സിനിമയായതുകൊണ്ട് വലിയ പ്രതീക്ഷയാണ് ഹൃദയപൂർവത്തിന് മേൽ ഉള്ളത്.
പൃഥ്വിരാജ് നായകനാകുന്ന 'വിലായത്ത് ബുദ്ധ' ആണ് ഓണത്തിനെത്തുന്ന മറ്റൊരു ചിത്രം. സംവിധായകൻ സച്ചി 'അയ്യപ്പനും കോശിയും' എന്ന സിനിമയ്ക്ക് ശേഷം ചെയ്യാനായി പ്രഖ്യാപിച്ച 'വിലായത്ത് ബുദ്ധ' ശിഷ്യൻ ജയൻ നമ്പ്യാരുടെ സംവിധാനത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജി ആർ ഇന്ദുഗോപന്റെ നോവലാണ് സിനിമയാകുന്നത്. ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ കൂടിയാണ് 'വിലായത്ത് ബുദ്ധ'. അനുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി ജെ അരുണാചലം, രാജശ്രീ നായർ എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണ് നായിക.
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്. ചിത്രം ഓണത്തിന് പുറത്തിറങ്ങും. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സലിം ഒരുക്കുന്ന രണ്ടാം ചിത്രമാണ് ഓടും കുതിര ചാടും കുതിര. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
Content Highlights: Mohanlal, prithviraj, fahadh films releasing on Onam